വിഷബാധയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് അതിവേഗ ചികിത്സ സാധ്യമാക്കുന്ന ‘സെന്റർ ഫോർ പോയിസൺ കൺട്രോൾ’ കുവൈറ്റ് ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദി ഉദ്ഘാടനം ചെയ്തു. വിഷബാധയേറ്റ കേസുകളുടെ തുടർനടപടികൾ, ഉപദേശങ്ങളും ചികിത്സാ പദ്ധതികളും നൽകുക, വിഷ പദാർഥങ്ങൾ നിയന്ത്രിക്കുക, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കുക തുടങ്ങിയ കാര്യങ്ങൾ പുതിയ സെന്റർ വഴി കൈകാര്യം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിഷബാധ കേസുകളെ കുറിച്ചുള്ള പഠനങ്ങൾ തയാറാക്കുക,വിഷവസ്തുക്കളുമായി ബന്ധപ്പെട്ട ലബോറട്ടറി പരിശോധനകൾ നടത്തുക, വിഷ പദാർഥങ്ങളെ കുറിച്ച് നിരീക്ഷിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കുക, മെഡിക്കൽ സ്റ്റാഫിനെ പരിശീലിപ്പിക്കുക എന്നീ കാര്യങ്ങളിൽ കേന്ദ്രം ശ്രദ്ധ നൽകുമെന്ന് സെന്റർ മേധാവി ഡോ. അബ്ദുല്ലത്തീഫ് അൽ ഔമി വ്യക്തമാക്കി.
അതേസമയം പോഷകാഹാര സപ്ലിമെന്റുകൾ, വിഷപ്പുക, മരുന്നുകൾ, മയക്കുമരുന്ന്, രാസവസ്തുക്കൾ, ഭക്ഷണങ്ങൾ, ഹെവി മെറ്റൽ ടോക്സിനുകൾ, ജൈവ അല്ലെങ്കിൽ റേഡിയോ ആക്ടീവ് വിഷവസ്തുക്കൾ, എന്നിവ മൂലമുണ്ടാകുന്ന വിഷബാധ കേസുകളും കേന്ദ്രം കൈകാര്യം ചെയ്യുമെന്നും ഡോ.അൽ ഔമി കൂട്ടിച്ചേർത്തു. സസ്യങ്ങൾ, വിഷകൂൺ, പാമ്പുകടി, തേളുകൾ, സമുദ്രജീവികൾ എന്നിവയുടെ ഫലമായുണ്ടാകുന്ന വിഷ കേസുകളും സെന്റർ കൈകാര്യം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.