ഗോ ഫസ്റ്റ് എയർലൈൻസ് സർവീസുകൾ പുനരാരംഭിക്കുന്നു. മെയ് 24 മുതൽ സർവീസുകൾ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മെയ് മൂന്ന് മുതൽ 12 വരെ സേവനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. കുറഞ്ഞ നിരക്കിൽ സർവീസുകൾ നടത്തുന്ന ഗോ ഫസ്റ്റ് എയർലൈൻ സർവീസുകൾ താത്കാലികമായി നിർത്തി വയ്ക്കുന്നു എന്ന വാർത്ത പ്രവാസികൾക്ക് വലിയ തിരിച്ചടിയായി.
അതേസമയം ഈ മാസം 19 വരെയുള്ള ടിക്കറ്റ് ബുക്കിങും വിൽപനയും നിർത്താൻ വ്യോമയാന വകുപ്പ് എയർലൈൻ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഗോ ഫസ്റ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചതോടെ ദുബായ്, അബുദാബി എന്നീ സെക്ടറുകളിൽ നിന്ന് മലബാറിലേക്കുള്ള വിമാന ടിക്കറ്റ് കുറഞ്ഞു. ഈ സെക്ടറിൽ യാത്ര ചെയ്യുന്നവർക്ക് ഉയർന്ന തുകയും നൽകേണ്ടി വന്നിരുന്നു. അബുദാബിയിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, മംഗലാപുരം സെക്ടറിലേക്കു പോകേണ്ടവരാണ് കൂടുതലും ദുരിതത്തിലായത്. പരിമിത സർവീസ് മാത്രമായത് യാത്രാപ്രശ്നം രൂക്ഷമാക്കി.
എന്നാൽ ജൂൺ അവസാന വാരത്തോട് കൂടി ഗൾഫിലെ വേനൽ അവധിക്കാലം തുടങ്ങുന്നതിനാൽ പ്രവാസി കുടുംബങ്ങളും ആശങ്കയിലായിരുന്നു. സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വിവിധ സംഘടനകളും വ്യക്തികളും കേന്ദ്ര, സംസ്ഥാന സർക്കാരിന് നിവേദനം നൽകുകയും ചെയ്തു. അതേസമയം സർവീസ് റദ്ദാക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ മുഴുവൻ പണവും തിരിച്ച് നൽകുമെന്നും യാത്രക്കാരെ നേരത്ത അറിയിച്ചിരുന്നു. സേവനം പുനരാരംഭിക്കുന്നതോടെ യാത്രാ തീയതി പുനഃക്രമീകരിക്കാനും അവസരം ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.