റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുമായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. നഗരത്തിലെ സെൻസിറ്റീവ് ഏരിയകളിൽ ഇൻ്റലിജൻ്റ് സ്പീഡ് ലിമിറ്റ് ബോർഡുകൾ സ്ഥാപിച്ചതിന് പിന്നാലെ സ്കൂൾ സോണുകളിലേയും റസിഡൻഷ്യൽ ഏരിയകളിലേയും കാൽനട ക്രോസിംഗുകളിൽ സ്മാർട്ട് ബോർഡുകൾ സ്ഥാപിച്ചു.
സ്മാർട്ട് സ്പീഡ് ഡിറ്റക്ഷൻ സിസ്റ്റമാണ് ക്രമീകരിച്ചത്. സമീപത്തെ റോഡിലൂടെ കടന്നുപോകുന്ന വാഹനത്തിൻ്റെ യഥാർത്ഥ വേഗത പ്രദർശിപ്പിക്കുകയും കളർ കോഡിംഗിലൂടെയും പ്രത്യേക ഇമോജികളിലൂടെയും വിവരങ്ങൾ വ്യക്തമാക്കുന്നതാണ് സംവിധാനം. എല്ലാത്തരം റോഡ് യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കാൻ സ്മാർട്ട് സിസ്റ്റം സഹായിക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു.
ഒരു വാഹനം സുരക്ഷിതമായ വേഗത പരിധിക്കുള്ളിൽ സഞ്ചരിക്കുമ്പോൾ പച്ച നിറത്തിൽ പുഞ്ചിരിക്കുന്ന മുഖം ബോർഡിൽ തെളിയും. വേഗപരിധി കവിഞ്ഞാൽ ചുവന്ന അടയാളമാകും തെളിയുക. വേഗത കുറയ്ക്കാൻ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്ന തരത്തിലാണ് സ്പീഡ് ലിമിറ്റ് ബോർഡുകൾ.