യുഎഇയിൽ 1500 ദിർഹത്തിൽ താഴെ ശമ്പളം വാങ്ങുന്ന തൊഴിലാളികൾക്ക് കമ്പനി സുരക്ഷിതമായ താമസ സ്ഥലം ഒരുക്കണമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഉത്തരവിറക്കി. അമ്പതോ അതിൽ കൂടുതലോ തൊഴിലാളികളുള്ള കമ്പനികളും നിർബന്ധമായും ജീവനക്കാർക്ക് താമസ സൗകര്യം നൽകണമെന്നും മന്ത്രാലയം അറിയിച്ചു.
യുഎഇയിലെ തൊഴിൽ നിയമം അനുസരിച്ച് തൊഴിലാളികളുടെ താമസ കേന്ദ്രം എല്ലാ സൗകര്യങ്ങളുമുള്ളതും നിലവാരമുള്ളതും ആയിരിക്കണം. കൂടാതെ ജോലിസ്ഥലത്തും താമസ സ്ഥലത്തും ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കുകയും വേണം. 500ൽ താഴെ തൊഴിലാളികൾക്കായി നിശ്ചയിച്ചിട്ടുള്ള താമസ കേന്ദ്രങ്ങളുടെ നിലവാരവും മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഉത്തരവിൽ പറയുന്നു.
അതേസമയം നൂറിൽ കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന നിർമാണ കമ്പനികളിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കണമെന്നും നിർദേശമുണ്ട്. തൊഴിലിന്റെ അപകട സാധ്യതകളും അവയിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളും ജോലി സ്വീകരിക്കുന്നതിന് മുൻപ് തൊഴിലാളികളെ ബോധ്യപ്പെടുത്തുകയും വേണം. നിർദേശങ്ങൾ അറബി ഭാഷയ്ക്ക് പുറമേ തൊഴിലാളികൾക്ക് മനസ്സിലാകുന്ന മറ്റൊരു ഭാഷയിലും നൽകിയിരിക്കണം. കൂടാതെ തീപിടിത്തം തടയുന്നതിനുള്ള പരിശീലനവും തൊഴിലാളികൾക്ക് നൽകണം.
ജോലി, താമസ സ്ഥലങ്ങളിലെ പ്രഥമ ശുശ്രൂഷ കിറ്റിൽ (ഫസ്റ്റ് എയ്ഡ് ബോക്സിൽ) അത്യാവശ്യ മരുന്നുകളും മറ്റും ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. അപകടത്തിൽപ്പെടുന്ന തൊഴിലാളികൾക്ക് പ്രഥമ ശുശ്രൂഷ നൽകാൻ അറിയാവുന്നവരും കമ്പനിയിൽ ഉണ്ടായിരിക്കണം. കൂടാതെ കത്തുന്നതും പൊട്ടിത്തെറിക്കുന്നതുമായ ഹാനികരമായ വസ്തുക്കൾ വഴി ഉണ്ടാകാവുന്ന അപകടം മുന്നിൽ കാണുകയും അവ ജാഗ്രതയോടെ സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും വേണമെന്ന് നിർദേശത്തിൽ പറയുന്നു. തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാനും നിർദേശമുണ്ട്. അധികൃതർ മിന്നൽ പരിശോധന നടത്തി സൗകര്യങ്ങൾ വിലയിരുത്തും. നിയമലംഘകർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു.
താമസ സ്ഥലങ്ങൾ പാലിക്കേണ്ട നിബന്ധനകൾ
* താമസ സ്ഥലത്ത് ഒരു തൊഴിലാളിക്ക് കുറഞ്ഞത് 3 ചതുരശ്ര മീറ്റർ സ്ഥലമെങ്കിലും ഉണ്ടായിരിക്കണം.
* ഓരോ തൊഴിലാളിയ്ക്കും സ്വന്തമായി കിടക്കയും അനുബന്ധ സൗകര്യങ്ങളും നൽകണം
* മുറി ശീതീകരിച്ചതും വായുസഞ്ചാരവും വെളിച്ചവും ഉള്ളതായിരിക്കണം.
* അലക്കാക്കുന്നതിനും ഭക്ഷണം പാകം ചെയ്ത് കഴിക്കാനും പ്രത്യേക സംവിധാനമുണ്ടായിരിക്കണം.
* താമസ സ്ഥലങ്ങളിൽ അഗ്നിശമന, പ്രതിരോധ സംവിധാനങ്ങളുണ്ടാകണം
* കുടിവെള്ളത്തിന് ഫിൽറ്റർ ചെയ്ത കൂളർ നിർബന്ധമാണ്.
* പാചകവാതക സിലിണ്ടറുകൾ പ്രത്യേക സ്ഥലങ്ങളിൽ സൂക്ഷിക്കണം.
* മെഡിക്കൽ സർവീസ്, പ്രാർഥനാ മുറികൾ എന്നിവ താമസ സ്ഥലങ്ങളിൽ ഉണ്ടാകണം.
* 8 പേർക്ക് ഒരു ശുചിമുറി എന്ന നിലയിലുള്ള സൗകര്യം ഒരുക്കണം.
നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും.