സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി സമയത്തിലെ ഫ്ലക്സി സമയം മൂന്ന് മണിക്കൂറായി ദീർഘിപ്പിക്കാൻ ബഹ്റൈൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ രണ്ട് മണിക്കൂറാണ് അനുവദിച്ചിരിക്കുന്ന ഫ്ലക്സി സമയം. ജോലിക്ക് താമസിച്ച് വരുന്നതിന് അനുസരിച്ച് ഡ്യൂട്ടി കഴിഞ്ഞ് വൈകി പോകുന്നതിനുള്ള സൗകര്യമാണ് ഫ്ലക്സി സമയം നൽകുന്നത്. രാവിലെ ഏഴ് മണി മുതൽ 10 മണി വരെ ഈ സമയം അനുസരിച്ച് ജോലിയിൽ പ്രവേശിക്കാൻ കഴിയും. അതേസമയം രാവിലെ വൈകുന്നതിന് അനുസൃതമായി ജോലി കഴിഞ്ഞ് പോകുന്ന സമയത്തിലും മാറ്റമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബ പാലസിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. കൂടാതെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ബ്രിട്ടൻ സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം ശക്തമാക്കാനും വിവിധ മേഖലകളിലുള്ള സഹകരണം വ്യാപിപ്പിക്കാൻ സഹായിക്കുമെന്ന് കാബിനറ്റ് വിലയിരുത്തുന്നു. ബ്രിട്ടൻ രാജാവ് ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാനായിരുന്നു ഹമദ് രാജാവ് ബ്രിട്ടനിലെത്തിയത്.