അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റിലെ ( എഡിജെഡി) ക്രിമിനൽ കോടതികളിൽ സ്മാർട്ട് ജുഡീഷ്യൽ ഡിസിഷൻ സിസ്റ്റം നടപ്പാക്കിത്തുടങ്ങി. ക്യുആർ കോഡ് ഉൾപ്പെടുന്ന ഒരു ലിങ്ക് വഴി കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിധിന്യായവും പരിശോധിക്കാൻ കഴിയുന്നതാണ് സ്മാർട്ട് പദ്ധതി.
ക്രിമിനൽ കേസുകളിലെ കക്ഷികൾക്ക് അവരുടെ അസാന്നിധ്യത്തിൽ പുറപ്പെടുവിച്ച വിധികൾക്കെതിരെ അപ്പീലുകളോ എതിർപ്പുകളോ ഫയൽ ചെയ്യാൻ സിസ്റ്റം അനുവദിക്കുന്നുണ്ട്. വിവിധ ഭാഷകളിൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്. കോടതി നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനുമായാണ് ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളെന്ന് എഡിജെഡി അണ്ടർസെക്രട്ടറി യൂസഫ് സയീദ് അലബ്രി വ്യക്തമാക്കി.
യുഎഇ വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശങ്ങൾ പാലിച്ചാണ് ഡിജിറ്റലൈസേഷൻ നടപടികൾ.
നിയമത്തിൻ്റെ ആർട്ടിക്കിളുകൾക്കനുസൃതമായി അവകാശങ്ങൾ കൃത്യമായി മനസ്സിലാക്കാനും കക്ഷികൾക്ക് അവസരം ലഭ്യമാകും.
അതേസമയം വിവരങ്ങളുടെയും ഡാറ്റയുടെയും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും
സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കോഡ് ഉപയോഗിച്ച് സ്‌മാർട്ട്‌ഫോൺ വഴിയും ലളിതമായ നടപടികളിലൂടെയും അഭ്യർത്ഥനകൾ അവതരിപ്പിക്കാനാവും.