വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികൾ അവതരിപ്പിച്ച് ഷാർജ ടൂറിസം വകുപ്പ്. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ കഴിഞ്ഞ ദിവസം സമാപിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് പുതിയ പദ്ധതികൾ അവതരിപ്പിച്ചത്. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിരുന്ന പവലിയനിൽ ട്രാവൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലെ 20 സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളും ഭാഗമായി. കൂടാതെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ അവതരിപ്പിച്ചതിനൊപ്പം പുതിയ പദ്ധതികളെക്കുറിച്ചും ഷാർജ വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കി.
അതേസമയം വിനോദസഞ്ചാര മേഖലയിൽ സമഗ്രമായ സേവനങ്ങൾ നൽകുന്നതിന് വിദഗ്ദരായ ടൂർ ഗൈഡുകളെ സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ‘റെഹ്ലതി’ അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് പദ്ധതി അനാവരണം ചെയ്ത്. മെലീഹ ആർക്കിയോളജിക്കൽ സെന്ററുമായി സഹകരിച്ച് ‘എക്സ്പ്ലോർ ദി ഡെസേർട്ട് വിത്ത് റെഹ്ലതി’, ഷാർജ പരിസ്ഥിതി സംരക്ഷണ മേഖലാ അതോറിറ്റിയുമായി കൈകോർത്ത് ‘എക്സ്പ്ലോർ നേച്ചർ വിത്ത് റെഹ്ലതി’, ഷാർജ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഹെറിറ്റേജുമായി കൈകോർത്ത് ‘എക്സ്പ്ലോർ ഹെറിറ്റേജ് വിത്ത് റെഹ്ലതി’, ഷാർജ മ്യൂസിയം അതോറിറ്റിയുമായി സഹകരിച്ച് ‘എക്സ്പ്ലോർ ഹിസ്റ്ററി വിത്ത് റെഹ്ലതി’ എന്നിങ്ങനെ നാല് പ്രത്യേക പരിശീലന പരിപാടികളും പുതിയ സംരംഭത്തിൽ ഉൾപ്പെടുന്നു.
സന്ദർശകർക്ക് ഷാർജയിലെ വേറിട്ട വിനോദകേന്ദ്രങ്ങളുടെ യഥാർത്ഥ അനുഭവം പ്രദാനം ചെയ്യുന്ന രീതിയിൽ വെർച്വൽ റിയാലിറ്റി ടൂറുകളും പവലിയനിൽ സജ്ജമാക്കിയിരുന്നു. കൂടാതെ മേഖലയിലെ പ്രമുഖ വികസന നിക്ഷേപ സ്ഥാപനങ്ങളിൽ ഒന്നായ ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്) പുതിയ പദ്ധതികളും അറേബ്യൻ ട്രാവൽ മാർക്കറ്റിൽ അനാവരണം ചെയ്തു. നിലവിലെ പദ്ധതികളുടെ പുരോഗതി അവതരിപ്പിച്ചതോടൊപ്പം ഖോർഫക്കാൻ കേന്ദ്രീകരിച്ച് പുതിയ വിനോദകേന്ദ്രം സ്ഥാപിക്കുമെന്ന് ഷുറൂഖ് സിഇഒ അഹ്മദ് അൽ ഖസീർ പ്രഖ്യാപിച്ചു. തുടർച്ചയായ 16-ാം തവണയും അറേബ്യൻ ട്രാവൽ മാർക്കറ്റിൽ വിദേശ വിനോദ സഞ്ചാരികളുടെയും പ്രവാസികളുടെയും ട്രാവൽ ഏജന്റുമാരുടെയും ശ്രദ്ധയാകർഷിച്ച വിനോദകേന്ദ്രങ്ങൾ ഷുറൂഖ് പവലിയൻ അവതരിപ്പിച്ചു.