അനന്തരാവകാശികൾ ഇല്ലാത്ത പ്രവാസികളുടെ സ്വത്തുക്കൾ അവരുടെ സ്മരണ നിലനിർത്തുന്ന നിക്ഷേപമാക്കാൻ ഒരുങ്ങി യുഎഇ. ഫെഡറൽ നാഷണൽ കൗൺസിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചത്. പ്രവാസികൾ മരണപ്പെട്ടാൽ അവരുടെ പേരിലുള്ള സമ്പാദ്യത്തിന് അവകാശികൾക്ക് ഇല്ലെങ്കിൽ ഏറ്റെടുക്കാം. അനന്തരാവകാശികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യമോ ആരും സ്വത്തിനായി അവകാശം ഉന്നയിക്കാത്ത സാഹചര്യമോ ആണെങ്കിൽ മാത്രമായിരിക്കും സർക്കാർ ഇടപെടുക.
ഇത്തരത്തിലുള്ള സമ്പാദ്യം മരണപ്പെട്ടവരുടെ പേരിൽ വഖഫ് (പൊതുനന്മ ലക്ഷ്യം വച്ചുള്ള) സംരംഭങ്ങളാക്കി മാറ്റണം. തുടർന്ന് ഇതു വഴി ലഭിക്കുന്ന ലാഭം ദരിദ്രർക്കും അഗതികൾക്കുമുള്ള വിദ്യാഭ്യാസ സഹായവുമായി നൽകണമെന്ന നിർദേശമാണു നാഷണൽ കൗൺസിൽ മുന്നോട്ട് വച്ചത്. കൗൺസിൽ അംഗമായ ഹുമൈദ് അലി അൽ അബ്ബാർ അൽഷാംസി നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ അൽ നുഐമിക്ക് ഇത് സംബന്ധിച്ച നിർദേശം സമർപ്പിച്ചു.
അതേസമയം എല്ലാ എമിറേറ്റുകളിലും അനന്തരാവകാശികൾ ഇല്ലാത്ത എത്ര പണം ഉണ്ടെന്നു കണക്കെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ ശരീഅ കോടതികളാണ് ഇതിന് നേതൃത്വം വഹിക്കേണ്ടത്. കണക്കെടുപ്പ് പൂർത്തിയാക്കിയ ശേഷം മരണപ്പെട്ടവരുടെ പേരിൽ നിക്ഷേപത്തിനുള്ള നടപടി സ്വീകരിക്കും. മിനിസ്ട്രി ഓഫ് ജസ്റ്റിസ്, മതകാര്യ വകുപ്പ്, ആരോഗ്യ മന്ത്രാലയം, ഈ വിഷയവുമായി ബന്ധപ്പെട്ട ഇതര പ്രാദേശിക സർക്കാർ കാര്യാലയങ്ങൾ എന്നിവ ഉൾപ്പെടുന്ന സംയുക്ത സമിതി രൂപീകരിച്ചായിരിക്കണം തുടർ പ്രവർത്തനങ്ങൾ.
സന്നദ്ധ പ്രവർത്തനങ്ങൾക്ക് മാത്രമേ ഈ തുക വിനിയോഗിക്കുകയുള്ളൂ എന്ന് സമിതി ഉറപ്പുവരുത്തണമെന്ന് അൽഷാം സി ആവശ്യപ്പെട്ടു. കൂടാതെ അവകാശികളില്ലാത്ത സ്വത്തുക്കൾ സാമൂഹിക പ്രതിബദ്ധതയോടെ പ്രയോജനപ്പെടുത്തുന്ന സമാന നിയമം ഷാർജ എമിറേറ്റിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സിവിൽ ഇടപാടുകളുമായി ബന്ധപ്പെട്ട 1985ലെ യുഎഇ ഫെഡറൽ നിയമം അഞ്ച് ഇതിനായി പരിഷ്കരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.