ചാൾസ് രാജാവിനെ കിരീടമണിയിച്ചതോടെ ചടങ്ങുകൾ അവസാനഘട്ടത്തിലേക്ക് കടന്നു. കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിലാണ് കിരീട ധാരണ ചടങ്ങുകൾ നടക്കുന്നത്. ചാൾസ് രാജാവിനൊപ്പം കാമിലയും രാജ്ഞിയായി ചുമതലയേൽക്കും. 1937 നു ശേഷം ആദ്യമായാണ് ഒരു രാഞ്ജിയും രാജാവിനൊപ്പം കിരീടം ധരിക്കാനൊരുങ്ങുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നും 4000ത്തോളം അതിഥികൾ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു. 1953ലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണം. ആ ചടങ്ങിൽ പങ്കെടുത്ത ഏതാനും ആളുകൾ പ്രായം പോലും കണക്കിലെടുക്കാതെ ഇത്തവണയും ലണ്ടനിലെത്തിയിട്ടുണ്ട്.
ബ്രിട്ടന്റെ രാജാവാകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 74കാരനായ ചാൾസ്. അതേസമയം ചടങ്ങിൽ ഹിന്ദുമത വിശ്വാസിയായ ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ ഋഷി സുനക് ആണ് ബൈബിൾ വായിച്ചത്. യുകെയുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അഭിമാനമുളവാക്കുന്ന ആവിഷ്കാരം എന്നാണ് കിരീടധാരണത്തെ ഋഷി സുനക് വിശേഷിപ്പിച്ചത്. ചടങ്ങിനു ശേഷം ഞായറാഴ്ച വൈകുന്നേരം വിൻഡ്സർ കൊട്ടാരത്തിൽ സംഗീതക്കച്ചേരിയും അരങ്ങേറും. മൂന്ന് ദിവസത്തെ പരിപാടികൾക്കാണ് ബ്രിട്ടൻ സാക്ഷ്യം വഹിക്കുക.