മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്. സംഘർഷ മേഖലകളില്‍ സൈന്യത്തിന്റെ കാവല്‍ തുടരുകയാണ്. മരിച്ച 54 പേരിൽ 16 മൃതദേഹങ്ങൾ ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലും 15 മൃതദേഹങ്ങൾ ഇംഫാൽ ഈസ്റ്റിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും സൂക്ഷിച്ചിരിക്കുകയാണ്.
ചുരാചന്ദ്പ്പൂരില്‍ നാലുപേർ മരിച്ചത് സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിലെന്നാണ് റിപ്പോര്‍ട്ട്. ഒഴിപ്പിക്കലിനിടെ അക്രമം നടത്തിയവരാണ് മരിച്ചത്. ഇംഫാൽ വെസ്റ്റിലെ ലാംഫെലിലുള്ള റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 23 പേരുടെ മരണം സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തിന്റെയും അസം റൈഫിൾസിന്റെയും പതിനായിരത്തോളം സൈനികരെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. നൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇത് സ്ഥിരീകരിക്കാൻ പോലീസ് തയ്യാറായിട്ടില്ല.
മണിപ്പൂരിലെ ജനസംഖ്യയുടെ 53% വരുന്ന മെയ്തി വിഭാഗം പ്രധാനമായും മണിപ്പൂർ താഴ്വരയിലാണ് താമസിക്കുന്നത്. മ്യാൻമറികളും ബംഗ്ലദേശികളും നടത്തുന്ന വലിയ തോതിലുള്ള അനധികൃത കുടിയേറ്റം കാരണം ബുദ്ധിമുട്ട് നേരിടുന്നതായണ് മെയ്തി സമുദായത്തിന്റെ അവകാശവാദം. നിലവിലുള്ള നിയമമനുസരിച്ച്, സംസ്ഥാനത്തെ മലയോര മേഖലകളിൽ മെയ്തികൾക്ക് താമസിക്കാൻ അനുവാദമില്ല. ആദിവാസി ഇതര വിഭാഗമായ മെയ്തേയി വിഭാഗത്തിന് പട്ടിക വർഗ പദവി നല്‍കുന്നതിനിതിരെയാണ് സംസ്ഥാനത്തെ ആദിവാസി വിഭാഗം പ്രക്ഷോഭം നടത്തുന്നത്.