ടൂറിസം രംഗത്തെ സാധ്യതകൾ വിലയിരുത്തി ഇന്ത്യ – ബഹ്റൈൻ പ്രതിനിധി സംഘം. ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജഫാർ അൽ സെറാഫി, ഇന്ത്യൻ പ്രതിനിധി സംഘാംഗമായ ഗോവൻ ടൂറിസം മന്ത്രി രോഹൻ അശോക് ഖൗന്തെ എന്നിവരാണ് ദുബായിൽ പ്രത്യേക കൂടിക്കാഴ്ച്ച നടത്തിയത്. ഇന്ത്യ – ബഹ്റൈൻ എന്നീ രാജ്യങ്ങൾക്കിടയിലുള്ള ടൂറിസം അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി സഹകരിച്ച് പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും താത്പര്യം പ്രകടിപ്പിച്ചു.
ഇരുരാജ്യങ്ങളിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ സംയുക്ത ടൂറിസം പാക്കേജുകൾക്ക് രൂപം നല്കുന്നതിനും ധാരണയായി. സംയുക്തമായുള്ള ടൂറിസം പ്രചാരണ പരിപാടികളും സംഘടിപ്പിക്കും. ബഹ്റിനിലെ ‘വിവാഹ ടൂറിസം’ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ആഡംബര ഇന്ത്യൻ വിവാഹങ്ങൾക്കുള്ള വേദിയായി ബഹ്റൈനെ എടുത്ത് കാട്ടുന്നതിനെക്കുറിച്ചും ഇരുകൂട്ടരും ചർച്ച ചെയ്തു.
ടൂറിസം രംഗത്തുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി പുതിയ ആശയങ്ങളും പദ്ധതികളും തയ്യാറാക്കുകയാണ് വിവിധ രാജ്യങ്ങൾ. സംയുക്ത ടൂറിസം പദ്ധതിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്താനാണ് നീക്കം. ടൂറിസം സാമ്പത്തിക ഘടനയിൽ വലിയ സാധ്വീനം ചെലുത്തുന്നതായാണ് ഗൾഫ് രാജ്യങ്ങളുടെ വിലയിരുത്തൽ.