ഞായറാഴ്ച നടക്കുന്ന നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷക്കായി സൗദി റിയാദ് ഇന്റർനാഷണൽ സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സ്കൂൾ അധികൃതർ അറിയിച്ചു. സൗദിയിൽ നിന്നും 500ഓളം വിദ്യാർത്ഥികൾ ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്. ജിദ്ദ, ദമ്മാം, ജുബൈൽ, അബഹ, ഖഫ്ജി, മജ്മ, ബുറൈദ, തബൂക്ക്, ത്വാഇഫ് തുടങ്ങി സൗദിയിലെ പ്രധാന പ്രദേശങ്ങളിൽ നിന്നെല്ലാം വിദ്യാർഥികൾ പരീക്ഷക്കായി റിയാദിലെത്തും.
പരീക്ഷാകേന്ദ്രം രാവിലെ 8.30 ന് തുറക്കും. 11 മണിക്ക് ശേഷം ആരെയും പരീക്ഷ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല. പരീക്ഷാ സമയമായ മൂന്ന് മണിക്കൂർ 20 മിനിറ്റ് കഴിഞ്ഞേ വിദ്യാർത്ഥികൾക്ക് ഹാൾ വിട്ടുപോകാൻ അനുവാദമുളളൂ.പരീക്ഷാ ഹാളുകളിൽ സി.സി.ടി.വി കാമറ അടക്കമുളള നിരീക്ഷണ സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.
യുഎഇയിലും നീറ്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി. 1500ഓളം കുട്ടികളാണ് ഇക്കുറി പരീക്ഷയെഴുതുന്നത്. ദുബായ് ഊദ് മേത്തയിലെ ഇന്ത്യൻ ഹൈസ്കൂൾ, അബൂഹെയ്ൽ ഹോർലാൻസ് ഭവൻസ് പേൾ വിസ്ഡം സ്കൂൾ, ഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ, അബൂദബി ആഡിസ് മുറൂർ സ്കൂൾ എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഉച്ചക്ക് 12.30ന് പരീക്ഷ ആരംഭിക്കും. 11.30ന് മുമ്പെങ്കിലും കുട്ടികൾ ഹാജരാകണമെന്നാണ് നിർദ്ദേശം.
ഖത്തറിലെ ദോഹ എംഇഎസ് ഇന്ത്യൻ സ്കൂളിലാണ് പരീക്ഷ നടക്കുന്നത്. ദോഹ പ്രാദേശിക സമയം രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2.50 വരെയാണ് പരീക്ഷ. 11.00ന് ശേഷം പ്രവേശനം അനുവദിക്കില്ല. കുവൈത്തിലെ അബ്ബാസിയയിലെ ഇന്ത്യൻ എജ്യുക്കേഷൻ സ്കൂളിലാണ് പരീക്ഷ നടക്കുക. അഞ്ഞുറിലധികം കുട്ടികൾ പരീക്ഷയ്ക്കെത്തും.ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ. ഒമാനിൽ മസ്കത്ത് ഇന്ത്യൻ സ്കൂളിലാണ് നീറ്റ് പരീക്ഷയ്ക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
കേരളത്തിൽ ഉച്ചക്ക് 2.30നാണ് പരീക്ഷ ആരംഭിക്കുന്നത്.1.15 മുതൽ ഹാളിൽ പ്രവേശിക്കാം. 18 ലക്ഷത്തിൽ പരം കുട്ടികൾ എഴുതുന്ന നീറ്റ് പരീക്ഷ ലോകത്തിലെ ഏറ്റവും വലിയ ഓഫ്ലൈൻ പരീക്ഷകളിൽ ഒന്നാണ്. കഴിഞ്ഞവർഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരീക്ഷയെങ്കിൽ ഇക്കുറി കോവിഡ് നിയന്ത്രണങ്ങളെല്ലാം ഒഴിഞ്ഞ ആശ്വാസത്തിലാണ് വിദ്യാർഥികൾ പരീക്ഷയ്ക്കെത്തുന്നത്.