കേരളത്തിൽ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്തചിത്രമാണ് ‘2018 എവരിവണ്‍ ഈസ് എ ഹീറോ’. ഇന്ന് തിയ്യറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം വലിയ പ്രേക്ഷക പ്രീതിയാണ് നേടുന്നത്. കേരളം കണ്ട ഏറ്റവും വലിയ പ്രളയം ബിഗ് സ്ക്രീനിൽ വീണ്ടും തെളിഞ്ഞപ്പോള്‍ കണ്ടിരുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സ് പിടഞ്ഞു. മഹാപ്രളയത്തെ ചങ്കൂറ്റം കൊണ്ടും ഒത്തൊരുമ കൊണ്ടും മലയാളികൾ നേരിട്ട യഥാർത്ഥ സംഭവത്തെ ബിഗ് സ്ക്രീനിൽ എത്തിച്ച സംവിധായകൻ ജൂഡ് ആന്റണിയും കൂട്ടരും കയ്യടി നെടുകയാണിപ്പോൾ.
അതേസമയം ‘ദി കേരള സ്റ്റോറി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെയാണ് 2018ഉം റിലീസ് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ‘2018’ ആണ് ‘ദി റിയൽ കേരള സ്റ്റോറി’ എന്നും ഒത്തൊരുമയുടെയും മതസൗഹാർദ്ദത്തിന്റെ കേരളം ഇതാണ് എന്നും മലയാളികൾ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. ‘ദി കേരള സ്റ്റോറി, ഒറിജിനൽ’ എന്നാണ് ചിത്രത്തിലെ നായകനായ ടൊവിനോ തോമസും സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രം സാങ്കേതികമായി മികച്ചുനില്‍ക്കുന്നുവെന്നും മികച്ച ക്രാഫ്റ്റ് അനുഭവപ്പെടുത്തുന്നുവെന്നുമാണ് പ്രേക്ഷക അഭിപ്രായം.
തമിഴ് സൂപ്പർ ഹിറ്റ് സംവിധായകനായ ലോകേഷ് കനകരാജും ജൂഡ് ആന്റണിക്കും സംഘത്തിനും ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തി. അതേസമയം സമീപകാലത്ത് ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം പൂര്‍ണ്ണമായും പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ഒരു സിനിമ വേറെ ഇല്ലെന്ന് നിസംശയം പറയാമെന്ന് എല്ലാവരും ഒന്നടങ്കം അഭിപ്രായപ്പെടുന്നു. കൂടാതെ #therealkeralastory എന്ന ഹാഷ്ടാഗും ട്രെൻഡിംഗ് ആവുന്നുണ്ട്.