ഖത്തർ ലോകകപ്പ് ഫുട്ബോള്‍ ഫൈനൽ മത്സരത്തിലെ മാച്ച് ബോള്‍ ലേലത്തിന്. ഇതിലൂടെ മെസിയും എംബാപ്പെയും ഇഞ്ചോടിഞ്ച് പൊരുതിയ പന്ത് സ്വന്തമാക്കാന്‍ ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങുകയാണ്. ഇംഗ്ലണ്ടിലെ നോർതാംപ്ടൺ ഓക്ഷൻ ഹൗസ് മുഖേന ജുണിലായിരിക്കും ലേലം നടക്കുക. മത്സരങ്ങളിൽ ഉപയോഗിച്ച പന്തുകൾ നിർമിച്ച അഡിഡാസിൻെ ‘വിൻ ദ മാച്ച് ബാൾ’ എന്ന മത്സരത്തിലൂടെ ലോകകപ്പ് ഫൈനൽ മാച്ച് ബാൾ സ്വന്തമാക്കിയ പേര് വെളിപ്പെടുത്താത്ത ഒരു വിദേശ ആരാധകനാണ് ഇപ്പോൾ പന്ത് ലേലത്തിൽ വയ്ക്കുന്നത്.
രണ്ട് കോടിയിലേറെ രൂപയാണ് അല്‍ ഹില്‍മ് എന്ന് പേരുള്ള ഈ ബോളിന് പ്രതീക്ഷിക്കുന്നത്. ഓണ്‍ ലൈന്‍ വഴി നടക്കുന്ന ലേലത്തില്‍ 10 ലക്ഷം ഖത്തര്‍ റിയാല്‍, അതായത് 2.24 കോടി രൂപവരെ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. 36 വർഷത്തെ കാത്തിരിപ്പിനു ശേഷം അർജൻറീനക്ക് ലോകകിരീടം സമ്മാനിച്ച മത്സരമായിരുന്നു ഖത്തർ ലോകകപ്പ്. ലയണൽ മെസ്സിയുടെ വിശ്വകിരീടനേട്ടം ഉൾപ്പെടെ ഏറെ ഓര്‍മകള്‍ക്ക് സാക്ഷ്യം വഹിച്ചാണ് അല്‍ ഹില്‍മ് ആരാധകരിലേക്ക് എത്തുന്നത്.
അതേസമയം ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ട് മുതൽ ക്വാർട്ടർ ഫൈനൽ വരെ അൽ റിഹ്ല എന്ന പന്തായിരുന്നു ഉപയോഗിച്ചത്. ലോകകപ്പ് ഫൈനൽ തീയതിയും വേദിയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ രേഖപ്പെടുത്തിയതാണ് അൽ ഹിൽമ്.