എഐ ക്യാമറ വിവാദങ്ങൾക്ക് പിന്നാലെ സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയിലും അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് എന്ന വാഗ്ദാനവുമായി പ്രഖ്യാപിച്ച കെ ഫോണ്‍ പദ്ധതിയില്‍ വന്‍ അഴിമതി നടന്നുവെന്ന് വി ഡി സതീശന്‍ ആരോപിച്ചു.
‘അവിടെ കെല്‍ട്രോണ്‍ ആണെങ്കില്‍ ഇവിടെ ഭാരത് ഇലക്ട്രോണിക്‌സ് ആണ്. ആറ് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി വിജയിച്ചിട്ടില്ല. എസ്റ്റിമേറ്റിനേക്കള്‍ ടെണ്ടര്‍ തുക കൂട്ടിയാണ് ഭാരത് ഇലക്ട്രോണിക്‌സിന് നല്‍കിയത്. 520 കോടിയാണ് അധികമായി അനുവദിച്ചത്. എസ്ആര്‍ഐടിക്കും അഴിമതിയില്‍ ബന്ധമുണ്ട്. എസ്ആര്‍ഐടി അശോക് ബില്‍കോര്‍ എന്ന് കമ്പനിക്ക് ഉപകരാര്‍ നല്‍കുകയായിരുന്നു. അവര്‍ പ്രസാഡിയോ കമ്പനിക്ക് കരാര്‍ കൈമാറി. എഐ ക്യാമറ അഴിമതിക്ക് സമാനമായ അഴിമതിയാണ് കെ ഫോണിലും നടന്നത്.’ വി ഡി സതീശന്‍ ആരോപിച്ചു.
ചട്ടങ്ങള്‍ ലംഘിച്ചാണ് കെ ഫോണിലും ഉപകരാര്‍ നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറാണ് എസ്റ്റിമേറ്റ് തുക കൂട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയതെന്നും വി ഡി സതീശന്‍ കാസര്‍കോട് പറഞ്ഞു.