മിഡിൽ ഈസ്റ്റിലെ പണപ്പെരുപ്പ നിരക്ക് ഉയരുന്നതായി പിഡബ്ലൂസി ഓഡിറ്റ് കമ്പനിയുടെ സർവ്വെ.പ്രധാന സാധനങ്ങളുടെ വിലക്കയറ്റം കാരണം മൂന്നിൽ രണ്ട് ഷോപ്പർമാരും ചിലവ് ചുരുക്കൽ പദ്ധതിയിടുന്നതായാണ് സർവേ നിഗമനം.
ഈജിപ്തിൽ 40 ശതമാനവും സൗദി അറേബ്യയിൽ 35 ശതമാനവും യുഎഇയിൽ 28 ശതമാനവും വീട്ടുപകരണങ്ങളുടെ വിലക്കയറ്റമാണ് ഏറ്റവും കൂടുതൽ ആശങ്കാജനകമെന്ന് പിഡബ്ല്യുസി റിപ്പോർട്ടിൽ പറയുന്നു. മാർച്ചിൽ ഈജിപ്തിലെ മൊത്തത്തിലുള്ള പണപ്പെരുപ്പം 33 ശതമാനമായിരുന്നു. റെക്കോർഡ് ഉയർച്ചയാണ് രേഖപ്പെടുത്തിയത്.
കുറഞ്ഞ ഉൽപ്പന്ന നിലവാരം, അടിസ്ഥാന കാര്യങ്ങൾക്കുള്ള ഉയർന്ന വില, ഓൺലൈൻ ഉൽപ്പന്നങ്ങളുടെ ദൈർഘ്യമേറിയ ഡെലിവറി സമയം എന്നിവ സങ്കീർണമാണെന്നും ഓഡിറ്റിംഗ് കമ്പനി കണ്ടെത്തി. ഉപഭോക്താക്കളെയും ചില്ലറ വ്യാപാരികളെയും പണപ്പെരുപ്പവും ജീവിതച്ചെലവും ബാധിക്കുന്നതായാണ് റിപ്പോർട്ട്.
അതേസമയം യൂറോപ്പിനേയും വടക്കേ അമേരിക്കയിലും കണക്കിലെടുക്കുമ്പോൾ പണപ്പെരുപ്പ നിരക്ക് കുറവാണ്. പ്രധാന മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഭക്ഷ്യവസ്തുക്കളുടെ സർക്കാർ വില നിയന്ത്രണവും , വിലകുറഞ്ഞ പെട്രോളും താമസക്കാർക്ക് അനുകൂലമായി മാറുന്നുണ്ടെന്നും സർവ്വെ കണ്ടെത്തി. എന്നാൽ യുഎഇയിലെയും സൗദി അറേബ്യയിലെയും റെസിഡൻഷ്യൽ വാടക വർധിച്ചത് വെല്ലുവിളി ഉയർത്തുന്നുണ്ട്.
അടുത്ത ആറ് മാസത്തിനുള്ളിൽ പ്രധാനമായും പലചരക്ക് സാധനങ്ങൾ (47 ശതമാനം), ഫാഷൻ (40 ശതമാനം), ഉപഭോക്തൃ ഇലക്ട്രോണിക്സ് (36 ശതമാനം) എന്നിവയ്ക്കായി കൂടുതൽ ചിലവഴിക്കേണ്ടി വരുമെന്നാണ് വ്യാപാരികളുടെ നിഗമനം.
ഈജിപ്ത്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ 771 ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് പിഡബ്ലൂസിയുടെ പൾസ് 5 -മിഡിൽ ഈസ്റ്റ് കണ്ടെത്തലുകൾ. 86 ശതമാനം സാമ്പിളുകളും യുവസാനിധ്യം പ്രതിഫലിപ്പിക്കുന്ന 18-41 പ്രായത്തിലുള്ളവരിൽ നിന്നാണ് ശേഖരിച്ചത്.