നടന് ഷെയിന്‍ നിഗത്തിനെതിരെ സിനിമ സംഘടനകൾ കൈക്കൊണ്ട നടപടിയെ വിമര്‍ശിച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് രംഗത്ത്. വിഷയത്തെ ഇങ്ങനെയായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്ന് സാന്ദ്ര തോമസ് വിമർശിച്ചു. പരാതികൾ അസോസിയേഷനുള്ളില്‍ മാത്രം ചർച്ച ചെയ്ത് തീരേണ്ട കാര്യമാണെന്നും താരം പറഞ്ഞു. ഷെയിന്‍ എഡിറ്റിംഗ് കാണണമെന്ന് പറഞ്ഞതില്‍ തെറ്റില്ല എന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്സില്‍ സംസാരിക്കുമ്പോഴായിരുന്നു സാന്ദ്രയുടെ പ്രതികരണം.
എഡിറ്റ് ചെയ്ത വിഷ്വലുകള്‍ അഭിനേതാക്കള്‍ കാണണമെന്ന് ആവശ്യപ്പെടുന്നത് തെറ്റല്ല. നിർമാതാക്കളെ പോലെ തന്നെ റിസ്ക് എടുക്കുന്നവരാണ് അഭിനേതാക്കളും. സിനിമ മോശമായാല്‍ അവരുടെ ജീവിതത്തെ കൂടിയാണ് അത് ബാധിക്കുക. മാത്രമല്ല, എല്ലാ സെറ്റിലും എല്ലാവരും എഡിറ്റ് കാണാറുമുണ്ട്. ഷെയിന്‍ എഡിറ്റ് കാണണം എന്നു പറഞ്ഞതില്‍ തെറ്റെന്താണെന്ന് മനസിലാകുന്നില്ല. അഭിനേതാവിന്റെ താല്പര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിൽ മാത്രമേ തെറ്റാവുകയുള്ളു എന്ന് സാന്ദ്ര തോമസ് പറഞ്ഞു. അഭിനേതാക്കളോട് പറഞ്ഞ കഥ മാറിപോവുന്നു എന്ന് തോന്നിയതുകൊണ്ടായിരിക്കണം എഡിറ്റ് കാണണമെന്ന് പറഞ്ഞത്. എന്നാൽ അസോസിയേഷന് ഇത്തരത്തിൽ ഒരു തീരുമാനത്തിലെത്തിയത് മറ്റ് പരാതികള്‍ ഉള്ളതുകൊണ്ടായിരിക്കാം എന്നാണ് കേട്ടത്. ചിലപ്പോള്‍ അത് ഈഗോ ഇഷ്യുവും ആകാമെന്നും സാന്ദ്ര കൂട്ടിച്ചേർത്തു.
26 വയസുള്ള ഒരു പയ്യനെ പൊതുസമൂഹത്തിന്റെ മുന്നിലേക്ക് ഇട്ടുകൊടുത്ത് അറ്റാക്ക് ചെയ്യേണ്ട ആവശ്യമിഅല്ലായിരുന്നു. ഒരു പരാതി കൊടുക്കുമ്പോൾ അത് സൂക്ഷിക്കാനുള്ള മാന്യത അസോസിയേഷനുകൾ കാണിക്കണം. നേരത്തേ ഇത്തരത്തിൽ ഒരു പരാതി കൊടുത്തപ്പോള്‍ ഇതേ അനുഭവമാണ് ഉണ്ടായത്. പരാതി കൊടുത്ത് അര മണിക്കൂറിനകം പത്രക്കാരുടെ കോള്‍ വന്നപ്പോൾ ഞെട്ടിപ്പോയി. ഇതെല്ലാം അസോസിയേഷന് തിരുത്തേണ്ട കാര്യമാണ്. ഇത്തരം നടപടികള്‍ ഷെയിനിന്റെ ഭാവി ജീവിതത്തെയാണ് ബാധിക്കുക എന്നും താരം പറഞ്ഞു.