വിനോദസഞ്ചാരികൾക്ക് ‘ഷെൻഗൻ രീതിയിലുള്ള ‘ വിസ ആരംഭിക്കാനൊരുങ്ങി ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ. ഇത് ജിസിസി മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും വരുമാനം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏകീകൃത സിംഗിൾ വിസ നേടുന്നത് സംബന്ധിച്ച് ജിസിസി രാജ്യങ്ങൾക്കിടയിൽ മന്ത്രിതലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്ന് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ബഹ്റൈനിലെ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി പറഞ്ഞു.
യുഎഇ, സൗദി അറേബ്യ എന്നിവയ്ക്കൊപ്പം രാജ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ബഹ്റൈന് നേട്ടമുണ്ടായതായും സൈറാഫി ചൂണ്ടിക്കാട്ടി. 2022-ൽ 8.3 ദശലക്ഷം വിനോദസഞ്ചാരികളെയാണ് ജിസിസി രാജ്യങ്ങൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 9.9 ദശലക്ഷം പേർ സന്ദർശനം നടത്തിയത് യുഎഇ, മറ്റ് ജിസിസി വിപണികൾ എന്നിവയ്ക്കൊപ്പം ബഹ്റൈനെയും പ്രോത്സാഹിപ്പിച്ചതിനാലാണ്. ഇത് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാക്കിയെന്നും അവർ പറഞ്ഞു.
ജിസിസി രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയ്ക്ക് വിനോദസഞ്ചാര മേഖല സുപ്രധാനമാണെന്നും എല്ലാ ജിസിസി രാജ്യങ്ങളും ഇത് വിശ്വസിക്കുന്നുണ്ടെന്നും പാനൽ ചർച്ചയിൽ സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അൽ സാലിഹ് പറഞ്ഞു. ജിസിസി രാജ്യങ്ങൾക്ക് ഒരു പൊതു വിപണിയും ഏകീകൃത നയങ്ങളുമുണ്ട്. വിനോദസഞ്ചാര മേഖലയിൽ വളർച്ച സുഗമമാക്കുന്നതിനുള്ള നിയന്ത്രണങ്ങളും നയങ്ങളും നടപടിക്രമങ്ങളും ഉപയോഗിച്ച് ജിസിസിക്ക് സപ്ലൈ ഡിമാൻഡ് വശങ്ങളിൽ നിന്ന് പ്രയോജനം നേടാനാകും. ഇപ്പോൾ ജിസിസിയിലേക്ക് ആളുകളുടെ ഒഴുക്ക് വർധിച്ചതോടെ കാലക്രമേണ അത് സുഗമമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇക്കാലത്ത് യാത്രക്കാർ ഒരു രാജ്യത്തെക്കുറിച്ചല്ല, മറിച്ച് ഒരു പ്രദേശത്തെക്കുറിച്ചാണ് ചിന്തിക്കുന്നതെന്ന് സൗദി ടൂറിസം അതോറിറ്റി സിഇഒ ഫഹദ് ഹമീദാദ്ദീൻ പറഞ്ഞു. കൂടാതെ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ നിന്ന് സൗദി അറേബ്യയ്ക്ക് വളരെയധികം പ്രയോജനം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത് സംയുക്ത ഓഫറുകൾ പ്രോത്സാഹിപ്പിക്കാനും എല്ലാവർക്കും പ്രയോജനം ചെയ്യാനും കഴിയുമെന്ന് പ്രതിഫലിപ്പിക്കുന്നുവെന്നും ഫഹദ് കൂട്ടിച്ചേർത്തു.