സൗദി പൗരന്മാർക്ക് ജൂൺ ഒന്നുമുതൽ വീസഇല്ലാതെ സിംഗപ്പൂരിലേക്ക് യാത്ര ചെയ്യാം. സൗദി പാസ്പോർട്ടുള്ളവരെ വീസ നടപടികളിൽ നിന്ന് ഒഴിവാക്കിയതായി റിയാദിലെ സിംഗപ്പൂർ എംബസി അറിയിച്ചു. ഈ വർഷം ജൂൺ ഒന്നുമുതൽ സിംഗപ്പൂരിലെത്താൻ സൗദി പൗരന്മാർ എൻട്രി വീസയ്ക്ക് അപേക്ഷിക്കേണ്ടതില്ല. അതേസമയം സൗദി നയതന്ത്ര പാസ്പോർട്ടുകൾ കൈവശമുഉള്ളവർ ഒഴികെ മറ്റ് സൗദി പൗരന്മാർ ജൂൺ ഒന്നിനുമുമ്പ് സിംഗപ്പൂരിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എൻട്രി വിസക്ക് അപേക്ഷിക്കേണ്ടതുണ്ടെന്നും എംബസി പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. സിംഗപ്പൂർ വീസ ആവശ്യകതകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള പാസ്പോർട്ടുകളാണ് നയതന്ത്ര പാസ്പോർട്ടുകൾ.
അതേസമയം എൻട്രി വീസ ലഭിക്കുകയോ വീസയ്ക്കുള്ള അപേക്ഷ സ്വീകരിക്കപ്പെടുകയോ ചെയ്തവർക്ക് ഫീസ് തിരികെ നൽകില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വർധിപ്പിക്കുന്നതിന് വേണ്ടി സൗദി-സിംഗപ്പൂർ കമ്മിറ്റി നവംബറിൽ സിംഗപ്പൂരിൽ രണ്ടാമത് യോഗം ചേർന്നതിന് പിന്നാലെയാണ് നടപടി. ഗതാഗതമന്ത്രി സാലിഹ് അൽ ജാസറാണ് യോഗത്തിലേക്കുള്ള സൗദി പ്രതിനിധി സംഘത്തെ നയിച്ചത്.
ചരക്കുനീക്കം, അടിസ്ഥാന സൗകര്യങ്ങൾ, ഊർജം, വ്യവസായം, ഗതാഗതം, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, നിക്ഷേപവും സാമ്പത്തികവും, സംസ്കാരം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ നിരവധി സംരംഭങ്ങളെ കുറിച്ചും ഇരുപക്ഷവും അന്ന് ചർച്ച ചെയ്തിരുന്നു. കൂടാതെ സിംഗപ്പൂർ ഫെഡറേഷൻ ഓഫ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച പാനൽ ചർച്ചയിൽ പങ്കെടുത്ത് ഗതാഗത മേഖലയിലെ രണ്ട് ധാരണപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. കൊസോവോ, അൽബേനിയ, മോണ്ടിനെഗ്രോ, കസാഖിസ്താൻ എന്നീ രാജ്യങ്ങളും നേരത്തേ സൗദി പാസ്പോർട്ടുള്ളവർക്ക് ഒരു വർഷത്തേക്ക് വിസ ആവശ്യമില്ലെന്ന തീരുമാനം എടുത്തിരുന്നു.