പൊലീസ് ആസ്ഥാനത്തെ ‘റോബോട്ട് പൊലീസിനെ’ ഒഴിവാക്കി. കെപി- ബോട്ട് എന്ന പേരിലുള്ള റോബോട്ടിനെ പൊലീസ് ആസ്ഥാനത്ത് നിന്ന് ഒഴിപ്പിച്ചുവെന്ന് സർക്കാർ രേഖാമൂലം അറിയിച്ചു. തിരുവനന്തപുരം സൈബർ ഡോമിലാണ് റോബോട്ടിപ്പോൾ. പൊലീസ് ആസ്ഥാനത്ത് പരാതിയുമായി എത്തുന്നവരിൽ ഭൂരിഭാഗവും സാധാരണക്കാരായതിനാൽ അവർ റോബോട്ടിന്റെ സേവനം ഉപയോഗപ്പെടുത്താൻ വിമുഖത കാട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു.
2019 ഫെബ്രുവരി 20 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് റോബോട്ട് സംവിധാനം ഉദ്ഘാടനം ചെയ്തത്. വനിതാ പൊലീസിന്റെ രൂപത്തിലുള്ള റോബോട്ടിന് എസ്.ഐ റാങ്കായിരുന്നു നൽകിയിരുന്നത്. അതേസമയം ഇന്ത്യയിൽ ആദ്യമായായിരുന്നു ഇത്തരമൊരു പൊലീസ് യന്ത്രമനുഷ്യനെ പരിചയപ്പെടുത്തിയത്. പൊലീസിന്റെ ആസ്ഥാനത്ത് ലഭ്യമായ സേവനങ്ങളുടെ വിവരങ്ങൾ സന്ദർശകർക്ക് നൽകുക, സന്ദർശകർക്ക് ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് പോകുന്നതിനുള്ള നിർദേശങ്ങൾ നൽകുക എന്നിവയായിരുന്നു ഈ റോബോട്ടിന്റെ ചുമതലകൾ.
നേരിട്ട് ചോദ്യങ്ങൾ ചോദിച്ചാൽ യന്ത്രമനുഷ്യനിൽ നിന്നും മറുപടി ലഭിക്കും. ഇതിനു പുറമേ യന്ത്രത്തിൽ സജ്ജമാക്കിയിരിക്കുന്ന ടച്ച് സ്ക്രീനിൽ നിന്നും മറ്റ് വിവരങ്ങളും മനസ്സിലാക്കാൻ സാധിക്കും. കൂടാതെ റോബോട്ടിന് സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കുകയും അവരുടെ പരാതികൾ സംബന്ധിച്ച വിവരങ്ങൾ സൂക്ഷിക്കുകയും ചെയ്യും. മാത്രമല്ല, ഒരു തവണയെത്തിയവരെ ഓർത്തുവയ്ക്കാനുള്ള കഴിവും റോബോട്ടിനുണ്ട്. സന്ദർശകർക്ക് ഉദ്യോഗസ്ഥരെ കാണുന്നതിനുള്ള സമയം നിശ്ചയിച്ച് നൽകാനും ഈ എസ്ഐയ്ക്ക് സാധിക്കും.