പ്ലേ സ്റ്റോറിൽ നിന്ന് 3,500 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. ഗൂഗിളിന്റെ പോളിസികൾക്ക് അനുസൃതമല്ലാത്ത ലോൺ ആപ്പുകളാണ് ഇവ. ഈ ആപ്പുകൾ ഉപയോക്താക്കളുടെ അനുവാദമില്ലാതെ അവരുടെ കോണ്ടാക്ടുകളും ഫോട്ടോകളും ചോർത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗൂഗിളിന്റെ നടപടി.
വ്യാജ ലോൺ ആപ്പുകൾ ഉപയോഗിച്ച് പണം തട്ടിയെടുത്ത 14 പേരെ മുംബൈ സൈബർ പൊലീസ് പിടികൂടിയിരുന്നു. നിരവധി പേരിൽ നിന്നായി തട്ടിയെടുത്ത 350 കോടി രൂപ ക്രിപ്റ്റോ കറൻസിയാക്കി മാറ്റിയതിന് ശേഷം വിദേശത്തേക്ക് കടത്തുകയാണ് തട്ടിപ്പുകാർ ചെയ്തത്. 2021മുതൽ 2023 മാർച്ച് 31നുള്ളിൽ മുംബൈ പൊലീസ് 176 വ്യാജ ലോൺ തട്ടിപ്പ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്തരം കേസുകളിലായി 70 അറസ്റ്റുകളും ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇന്ത്യയിലെ ഇത്തരം തട്ടിപ്പുകൾ നേരിടാൻ പേഴ്സണൽ ലോൺ ആപ്പുകൾക്ക് പുതിയ ലൈസൻസ് മാനദണ്ഡങ്ങൾ നിഷ്കർശിച്ചിരിക്കുകയാണ് ഗൂഗിൾ. പേഴ്സണൽ ലോൺ ആപ്പുകൾക്ക് ഉപയോക്താക്കളുടെ ഫോട്ടോ, കോണ്ടാക്ട് തുടങ്ങിയ സെൻസിറ്റീവ് ഡേറ്റകൾ പ്രാപ്യമല്ലാതാക്കുന്നതിനായി ഗൂഗിൾ ലോൺ പോളിസി പുതുക്കിയിട്ടുണ്ട്.