ഒരുമിച്ചു ചേർന്നു പോകാൻ കഴിയാത്ത വിവാഹബന്ധങ്ങള്‍ കാലതാമസമില്ലാതെ വേര്‍പെടുത്താമെന്ന് സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പെന്ന വ്യവസ്ഥ ആവശ്യമില്ലെന്നും എന്നാല്‍ ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയിലെ 142-ാം വകുപ്പ് പ്രകാരമാണ് കോടതിയുടെ സുപ്രധാന ഉത്തരവ്.
കൂട്ടിയോജിപ്പിക്കാനാവാത്ത വിധം തകര്‍ന്നാല്‍ കാലതാമസമില്ലാതെ ബന്ധം വേര്‍പെടുത്താന്‍ നിയമം നിലവിലുണ്ടായിരുന്നില്ല. ഇത് പൊതുനയത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലെന്നും കോടതി വ്യക്തമാക്കി. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായുള്ള കാലയളവ്, ആര്‍ട്ടിക്കിള്‍ 142 പ്രകാരം സുപ്രീം കോടതിക്ക് നീക്കാനാകുമോ എന്നായിരുന്നു ബെഞ്ച് പരിശോധിച്ചത്. ഇതില്‍ വാദം കേള്‍ക്കുന്നതിനിടെ പരസ്പര സമ്മതത്തോടെ വേര് പിരിയാന്‍ തീരുമാനിച്ച ദമ്പതികള്‍ക്ക് വിവാഹം വേര്‍പെടുത്താമെന്ന് കോടതി നിരീക്ഷിച്ചത്.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഓക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. ജീവനാംശം, സംരക്ഷണം, കുട്ടികളുടെ അവകാശങ്ങള്‍ എന്നിവ തുല്യമായി വീതിക്കണമെന്നും വ്യവസ്ഥയുണ്ട്.