അബുദാബിയിലെ പ്രധാന പാതയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ ഒന്നും രണ്ടും ഇടത് പാതകളിൽ മണിക്കൂറിൽ 120 കിലോമീറ്ററിൽ താഴെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് 400 ദിർഹം പിഴ നടപ്പാക്കിത്തുടങ്ങി. കുറഞ്ഞവേഗത 120 ആയിരിക്കണമെന്ന് ഏപ്രിലിൽ പ്രഖ്യാപിച്ച ഗതാഗത പരിഷ്കാരമാണ് പ്രാബല്യത്തിലെത്തിയത്. അതേസമയം അബുദാബിയെയും ദുബായേയും ബന്ധിപ്പിക്കുന്ന പാതയുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്ററായി തുടരും.
ഭാരവാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള മൂന്നാമത്തെ പാതയിലും അവസാന പാതയിലും മിനിമം സ്പീഡ് നിബന്ധനകൾ ഉൾപ്പെടുത്തില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. പരിഷ്കരണം നടപ്പിലാക്കിയതിന് ശേഷം നിശ്ചയിച്ചിട്ടുള്ള വേഗപരിധി പാലിക്കുന്നതിൽ പരാജയപ്പെടുന്ന ഡ്രൈവർമാർക്ക് അബുദാബി പോലീസിൽ നിന്ന് ഇതിനകം മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. എന്നാൽ മെയ് 1 മുതൽ വേഗപരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ സാമ്പത്തിക പിഴ ചുമത്തുമെന്നാണ് അറിയിപ്പ്.
ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കുക, വേഗത കുറഞ്ഞ വാഹനങ്ങൾ വലത് പാതയിലൂടെ സഞ്ചരിക്കാൻ ആവശ്യപ്പെടുക, പിന്നിൽ നിന്നോ ഇടത്തുനിന്നോ വരുന്ന വാഹനങ്ങൾക്ക് എപ്പോഴും വഴിയൊരുക്കുക എന്നിവയാണ് ലോ-സ്പീഡ് ആക്ടിവേഷൻ്റെ ലക്ഷ്യമെന്ന് അബുദാബി പോലീസിലെ സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ ജനറൽ അഹമ്മദ് സെയ്ഫ് അൽ പറഞ്ഞു. അതേസമയം പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭ്യമാകുന്നതെന്നും പൊലീസ് വ്യക്തമാക്കി.