ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസർ വിട്ടേക്കുമെന്ന വെളിപ്പെടുത്തലുമായി യൂറോപ്യൻ മാധ്യമങ്ങൾ രംഗത്ത്. സൌദിയിലെ അതികായരായ അൽ നെസർ റൊണാൾഡോയ്ക്ക് മടുത്തു തുടങ്ങിയെന്നും പുതിയ ചർച്ചകൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ. സ്പാനിഷ് പത്രമായ എൽ നാഷണൽ ഉൾപ്പെടെ ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടു.
റയൽ മഡ്രിഡിലേക്ക് ക്രിസ്റ്റ്യാനോയെ തിരികെയെത്തിക്കാനുളള ചർച്ചകൾ ആരംഭിച്ചെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റയൽ മഡ്രിഡിൻ്റെ അംബാസഡർ പദവി നൽകി ക്രിസ്റ്റ്യാനോയെ ആദരിക്കാമെന്ന് റയൽ പ്രസിഡന്റ് േഫ്ലാറന്റീനോ പെരസ് വാഗ്ദാനം നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ ടെൻ ഹാഗിനെതിരെ പരസ്യമായി രംഗത്തെത്തുകയും തർക്കം രൂക്ഷമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ക്രിസ്റ്റ്യാനൊ യൂറോപ്പ് വിട്ട് സൌദി ക്ലബ്ബിലേക്ക് കുടിയേറിയത്.
ലോകകപ്പിന് ശേഷം കഴിഞ്ഞ ജനുവരിയിലാണ് താരം സൗദി പ്രോ ലീഗിലെ അൽ നസറിലേക്കെത്തുന്നത്. സോക്കർ ട്രാൻസ്ഫർ ചരിത്രത്തിലെ റെക്കോഡ് തുകക്കാണ് ക്രിസ്റ്റ്യാനൊ പുതിയ തട്ടകത്തിലേക്കെത്തിയത്. എന്നാൽ മികച്ച പ്രകടനങ്ങൾ തുടരാനാകാത്തതും കാലാവസ്ഥ, ഭാഷ എന്നിവയുമായി പൊരുത്തപ്പെടാനാകാത്തതും താരത്തെ അസ്വസ്ഥമാക്കുന്നതായാണ് പുതിയ വെളിപ്പെടുത്തലുകൾ.
നീണ്ട കാലം റയലിൻ്റെ തുറുപ്പുചീട്ടായിരുന്ന ക്രിസ്റ്റ്യാനോ 438 മത്സരങ്ങളിൽ 450 ഗോളുകൾ ക്ളബ്ബിനായി നേടിയിട്ടുണ്ട്. അതേസമയം അൽ നസറിനായി 14 കളികളിൽ 11 ഗോളുകളാണ് താരത്തിൻ്റെ പേരിലുളളത്. അതേസമയം റിപ്പോർട്ടുകളിൽ ക്രിസ്റ്റ്യാനൊ പ്രതികരിച്ചിട്ടില്ല. 200 മില്യൻ ഡോളർ അഥവ 1950 കോടി രൂപയ്ക്കാണ് അൽ നസർ താരത്തെ ടീമിലെത്തിച്ചത്. രണ്ടര വർഷത്തെ കരാറാണ് നിലവിലുളളത്.