അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്‌സ് തങ്ങളുടെ യാത്രക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട് . യാത്രക്കാരുടെ എണ്ണം 30 ദശലക്ഷമാക്കാനും 2030ഓടെ വിമാനങ്ങളുടെ എണ്ണം 150 ആയി ഉയർത്താനും ലക്ഷ്യമിടുന്നതായി എയർലൈൻ മേധാവി സിഇഒ അൻ്റോനോൾഡോ നെവ്സ് പറഞ്ഞു.വ്യാഴാഴ്ച ന്യൂഡൽഹിയിൽ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സർവ്വീസുകളിൽ ഇടത്തരം മുതൽ ദീർഘദൂര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കങ്ങളും ഇത്തിഹാദ് ആരംഭിച്ചിട്ടുണ്ട്. പുതിയ യാത്രതന്ത്രങ്ങൾക്കും വെല്ലുവിളികൾക്കും അനുസൃതമായ മാറ്റമാണ് ഇത്തിഹാദ് ആസൂത്രണം ചെയ്യുന്നത്. അതേസമയം ഇന്ത്യ ഇത്തിഹാദിൻ്റെ പ്രധാന വിപണികളിലൊന്നാണെന്നും സിഇഒ സൂചിപ്പിച്ചു.
ചൈന, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യ, ജിസിസി (ഗൾഫ് സഹകരണ കൗൺസിൽ) രാജ്യങ്ങളെ യൂറോപ്പിലേക്കും അമേരിക്കയുടെ കിഴക്കൻ തീരത്തേക്കും ബന്ധിപ്പിക്കുക എന്നതാണ് പുതിയ ആശയം. ആഭ്യന്തര യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ള നിലയിലെത്തുകയും അന്താരാഷ്ട്ര യാത്രകൾ കുതിച്ചുയരുകയാണെന്നും അദ്ദേഹം പറഞ്ഞു.