യുഎഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശിവത്കരണ നടപടിപടികൾ മുന്നോട്ട്. ഈ വർഷത്തെ അർദ്ധ വാർഷിക സമയ പരിധി ജൂൺ 30ന് അവസാനിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 50 അല്ലെങ്കിൽ അതിൽ കൂടുതലുള്ള ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ കമ്പനികളിൽ വർഷം രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണമെന്ന ഉത്തരവിലാണ് മുന്നറിയിപ്പ്.
ആറ് മാസത്തിനുളളിൽ പകുതി നിയമനങ്ങൾ നടന്നിരിക്കണമെന്നാണ് നിർദ്ദേശം. അതായത് ജൂൺ 30ന് മുമ്പായി ഒരു ശതമാനം സ്വദേശി ജീവനക്കാരുടെ നിയമനം പുതിയതായി പൂർത്തിയാകണം. 2022ലെ കാബിനറ്റ് പ്രമേയത്തിലെ (19/5മി) വ്യവസ്ഥകളുടെ ഭേദഗതിക്ക് അനുസൃതമായാണ് തീരുമാനം. വാർഷിക എമിറേറ്റൈസേഷൻ വർദ്ധന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഭാഗമായാണ് അർദ്ധവാർഷിക സമയ പരിധി നിശ്ചയിച്ചത്.
യുഎഇയെ ലോകത്തെ ഏറ്റവും സുസ്ഥിരവും അതിവേഗം വളരുന്നതുമായ സാമ്പത്തിക കേന്ദ്രമാക്കി മാറ്റുന്നതിനൊപ്പം തൊഴിൽ വിപണിയുടെ ആകർഷണീയതയും മത്സരക്ഷമതയും വർദ്ധിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. പിഴ ഒഴിവാക്കുന്നതിനായി കമ്പനികൾ അർദ്ധവാർഷിക എമിറേറ്റൈസേഷൻ ടാർഗെറ്റ് കൈവരിക്കേണ്ടതുണ്ടെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു. കൂടാതെ നാഫിസ് പദ്ധതിയുമായി ബന്ധപ്പെട്ട ലഭ്യമാക്കുന്ന ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം സ്വകാര്യമേഖല കമ്പനികളോട് അഭ്യർത്ഥിച്ചു.