ബഹുനില മന്ദിരങ്ങൾ ഉൾപ്പെടെ കട്ടിടം പൊളിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് അബുദാബി നഗരസഭ. തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സുരക്ഷ ഉറപ്പാക്കിയാണ് മാനദണ്ഡങ്ങൾ പുറത്തുവിട്ടത്. പൊതു, സ്വകാര്യ സ്വത്തുക്കൾ സംരക്ഷിച്ചുകൊണ്ടാകണം കെട്ടിടങ്ങൾ നിർമ്മാർജണം ചെയ്യേണ്ടതെന്നും നഗരസഭ ഉത്തരവിട്ടു.
കെട്ടിടങ്ങൾ പൊളിക്കുമ്പോൾ പരിസ്ഥിതിക്കും കോട്ടം തട്ടാൻ പാടില്ല. ബന്ധപ്പെട്ട അധികാരികളിൽനിന്ന് അനുമതികൾ വാങ്ങിയശേഷമേ പ്രവർത്തികൾ ആരംഭിക്കാവുവെന്നും നഗരസഭ അറിയിച്ചു. കെട്ടിടം പൊളിക്കുന്ന ജോലികളിൽ ഏർപ്പെടുന്ന പ്രധാന കമ്പനികളേയും കരാർ കമ്പനി ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് നടത്തിയ ശിൽപശാലയിലാണ് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്.
സുരക്ഷയ്ക്ക് പ്രാധാന്യം നൽകണമെന്നും നിർദ്ദേശമുണ്ട്.അപകടം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടി സ്വീകരിക്കണം. അഗ്നിശമന ഉപകരണങ്ങൾ ലഭ്യമാക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും വേണമെന്നതും പ്രധാനമാണെന്ന് നിർദ്ദേശത്തിൽ പറയുന്നു. ജീവനക്കാർക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണം. കെട്ടിടം പൊളിക്കുമ്പോൾ ഉണ്ടാകുന്ന അമിത ശബ്ദം, പൊടിപടലം എന്നിവ നിയന്ത്രിക്കുകയും അളവ് രേഖപ്പെടുത്തുകയും വേണം.
പ്രവർത്തന മേഖലകളിലും പരിസരത്തും ശുചിത്വം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. നിർമാണ മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യുകയും കീടനാശിനികൾ തളിക്കുകയും വേണമെന്നാണ് നിർദ്ദേശം.