നേപ്പാളിലെ കഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കു പറന്നുയരുന്നതിനിടെ തീപിടിച്ച ഫ്ലൈ ദുബായ് വിമാനം സുരക്ഷിതമായി നിലത്തിറക്കി. ചൊവാഴ്ച വൈകിട്ട് യാത്രതിരിച്ച വിമാനമാണ് ദുബായ് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻ്റ് ചെയ്തത്.
150ൽ അധികം യാത്രക്കാരും ജീവനക്കാരുമായി പറന്നുയർന്ന വിമാനത്തിലെ എൻജിനിലാണ് തീ കണ്ടത്. നേപ്പാളിൽ അടിയന്തിര ലാൻ്റിഗിന് ശ്രമിച്ചെങ്കിലും അനുകൂല സാഹചര്യമായല്ലാത്തതിനാൽ ദുബായിലേക്ക് യാത്ര നീട്ടുകയായിരുന്നു. വിമാനത്തിൻ്റെ നിയന്ത്രണം നഷ്ടമാകാഞ്ഞതും പ്രശ്നം സങ്കീർണമാകാഞ്ഞതുമാണ് തുണയായത്.
അതേ സമയം വിമാനം ദുബായിലേക്ക് യാത്ര തുടർന്നതോടെ ദുബായ് വിമാനത്താവളത്തിലും മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. പ്രാദേശിക സമയം രാത്രി 12.11ന് വിമാനം സുരക്ഷിതമായി ദുബായിൽ ലാൻഡ് ചെയ്തു. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ഫ്ലൈ ദുബായ് അധികൃർ വ്യക്തമാക്കി.
എഞ്ചിനിൽ പക്ഷി ഇടിച്ചതിനെതുടർന്നാണ് അടിയന്തിര സാഹചര്യമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം വിമാനസർവ്വീസുകൾക്കിടെ പക്ഷികൾ പ്രതിസന്ധി സൃഷ്ടിക്കുന്ന 34 ശരാശരി കേസുകൾ പ്രിതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ.