അറബ് മേഖലയിൽ വിവധ രാജ്യങ്ങൾ തമ്മിലുളള ഐക്യവും നയതന്ത്ര ബന്ധങ്ങളും ശക്തിപ്പെടുന്നതായി സൂചന. യുഎഇയും സൌദിയും ഉൾപ്പടെ മുൻനിര രാജ്യങ്ങൾ നടത്തുന്ന ഇടപെടുകളാണ് ഫലം കാണുന്നത്. ജിസിസി കൌൺസിലിൻ്റെ പ്രവർത്തനവും അറബ് ഐക്യത്തിന് നിർണായക സംഭാവനകളാണ് നൽകുന്നത്.
2017ലെ ഖത്തറിനെതിരായ അറബ് ഉപരോധം നീങ്ങിയ ശേഷം കൂടുതൽ ശക്തമായ നീക്കങ്ങളാണ് നയതന്ത്ര മേഖലയിലുണ്ടായത്. ഖത്തറുമായി അകുന്നുനിന്ന ബഹ്റിലും സഹകരണം ശക്തമാക്കാനുളള നീക്കങ്ങൾ ആരംഭിച്ചു.ഇതിനിടെ യുഎഇയും ഖത്തറും നയതന്ത്ര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും എംബസികൾ തുറക്കുന്നതിനും ആവശ്യമായ നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ്.
ഇതിന് പിന്നാലെ സൗദിയും ഈജിപ്തും ദോഹയിൽ വീണ്ടും എംബസി തുറന്നു. ഗൾഫ് രാജ്യങ്ങളിലെ സഹകരണവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനായി 2021ൽ ഒപ്പുവെച്ച അൽ ഉല കരാറിന്റെ അടിസ്ഥാനത്തിലാണ് എംബസികൾ വീണ്ടും തുറക്കുന്നത്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് സമയത്തും ഗൾഫ് രാജ്യങ്ങൾ പരസ്പരം സഹായ ഹസ്തങ്ങൾ കൈമാറുകയും സംയുക്ത പദ്ധതികൾ നടപ്പാക്കുകയും ചെയ്തിരുന്നു.
ഇതിനിയെ യെമനിലെ ഹൂദികളും സൌദിയും തമ്മിലുളള പ്രശ്നങ്ങൾക്ക് പരിഹാര നീക്കങ്ങൾ നടക്കുന്നതായ റിപ്പോർട്ടുകളും പുറത്തുവന്നു.സൌദി – ഹൂതി പ്രശ്നത്തിന് ശമനം വരുന്നതോടെ പ്രദേശത്തെ സംഘർഷാവസ്ഥകളും ലഘൂകരിക്കാനാകും. ഇതിനിടെ ഇറാൻ – സൌദി ബന്ധം പുനസ്ഥാപിക്കാനായതും നിർണായകമായി.
ഗൾഫ് സഹകരണ കൌൺസിലിലേക്ക് കൂടൂതൽ അംഗ രാജ്യങ്ങളെ ഉൾപ്പെടുത്താനുളള നീക്കങ്ങളുമുണ്ട്. ജിസിസി രാജ്യങ്ങളിലെ പൌരൻമാർക്കും താമസക്കാർക്കും പരസ്പരം വിസ ഇളവുകളും ഇതിനകം അനുവദിച്ചിട്ടുണ്ട്. കുവൈറ്റും യുഎഇയും തമ്മിൽ ഗതാഗത സഹകരണത്തിനും തുടക്കമിട്ടുകഴിഞ്ഞു. മേഖലയിൽ നയതന്ത്ര സഹകരണം ശക്തമാകുന്നതോടെ അടിസ്ഥാന സൌകര്യ വികസനത്തിനും വലിയ മാറ്റങ്ങളാണ് ഉണ്ടാവുക. ജിസിസി റെയിൽ പദ്ധതി ഇതിൽ സുപ്രധാനമായി മാറുകയും ചെയ്യും.