യുഎഇയുടെയും സൗദി അറേബ്യയുടെയും ചന്ദ്രകാഴ്ച സമിതികൾ ദുൽഹിജ്ജ ചന്ദ്രനെ കാണുന്നതുമായി ബന്ധപ്പെട്ട് ഈ ആഴ്ച അവസാനം യോഗം ചേരും. ജൂൺ 18 ( ദുൽഖദ 29) ഞായറാഴ്ചയാണ് കമ്മിറ്റികൾ യോഗം ചേരുക.
ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ ദുൽഖദയ്ക്ക് 29 ദിവസങ്ങൾ ഉണ്ടായിരിക്കും. ദുൽ ഹിജ്ജയുടെ ആദ്യ ദിവസം ജൂൺ 19 തിങ്കളാഴ്ച അടയാളപ്പെടുത്തുമെന്നാണ് നിഗമനം. ഇസ്ലാമിക മാസങ്ങൾക്ക് ഗ്രിഗോറിയൻ കലണ്ടറിൽ നിന്ന് വ്യത്യസ്തമായി 29 അല്ലെങ്കിൽ 30 ദിവസങ്ങളുണ്ട്.
യുഎഇയിലെയും മറ്റ് രാജ്യങ്ങളിലെയും മുസ്ലീം വിശ്വാസികൾ ഈദ് അൽ അദ്ഹ ആഘോഷിക്കുന്നത് ദുൽ ഹിജ്ജ 10നാണ്. ഇസ്ലാമിക് ഹിജ്റി കലണ്ടർ പ്രകാരം ദുൽ ഹിജ്ജ 9 മുതൽ 12 വരെ ഈദ് അൽ അദ്ഹ അവധികൾ യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.
ദുൽ ഹിജ്ജ 9 അറഫാത്ത് ദിനമാണ്. ജൂൺ 27 ചൊവ്വാഴ്ച അറഫാത്ത് ദിനമായിവരാൻ സാധ്യതയുണ്ട്. തുടർന്നുളള മൂന്ന് ദിവസങ്ങൾ ഈദ് അൽ അദ്ഹ പ്രമാണിച്ചുളള അവധിയാണ്. രണ്ട് ദിവസത്തെ വാരാന്ത്യംകൂടി ഉൾപ്പെടുത്തിയാൽ യുഎഇയിൽ ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ 2 ഞായർ വരെ ആറ് ദിവസത്തെ ഇടവേളയുണ്ടാകും. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈ വർഷം ലഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ അവധിയായിരിക്കും ഇത്.
അതേസമയം റമദാൻ, ദുൽ ഹിജ്ജ മാസങ്ങളിൽ അധികാരികളെ സഹായിക്കാനും ചന്ദ്രനെ കണ്ടാൽ അറിയിക്കാനും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.