രാജ്യത്ത് അനധികൃത പാർക്കിംഗ് ശ്രദ്ധയിൽ പെട്ടാൽ വിവരം നൽകുന്നവർക്ക് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി 500 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. റോഡുകളിൽ അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിന്റെ ഭാഗമായി കർശനമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം.
മോട്ടോർ വാഹന ചട്ടം ഇതനുസരിച്ച് ഉടൻ പരിഷ്കരിക്കുമെന്ന് കേന്ദ്ര മന്ത്രി സൂചന നൽകി. ഇതോടെ ചിത്രങ്ങൾ സഹിതം വിവരം നൽകുന്നവർക്കാണ് പാരിതോഷികം നൽകുക.
വാഹന ഉടമയിൽ നിന്നും പിഴ ഈടാക്കുന്ന തുകയുടെ പകുതി എന്ന നിലക്കാണ് 500 രൂപ പാരിതോഷികം. ഓരോ ദിവസവും നിരത്തിലോടുന്ന കാറുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ശരിയായ രീതിയിൽ വാഹനം പാർക്ക് ചെയ്യാത്തത് വലിയ തലവേദനയാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.