സ്മാർട്ട്ഫോൺ ചാർജിങ്ങിനിട്ടതിന് ശേഷം ഉറങ്ങാൻ കിടക്കുന്ന ശീലമുള്ളവരാണ് നിങ്ങളെങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ. രാത്രി മുഴുവൻ സ്മാർട്ട്ഫോൺ ചാർജ് ചെയ്യുന്നത് അത്രനല്ല ശീലമല്ല. ഇത് ഫോണിന്റെ ബാറ്ററിയുടെ ആയുസിനെ സാരമായിത്തന്നെ ബാധിക്കും. എങ്ങനെയെന്നല്ലേ.
നമ്മുടെ സ്മാർട്ട്ഫോണിൽ ലിഥിയം അയേൺ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്യുന്നതിലൂടെ കുറഞ്ഞത് ആറ് മുതൽ എട്ട് മണിക്കൂർ വരെ സമയം ഫോൺ ചാർജിൽ ഇരിക്കാറുണ്ട്. സ്മാർട്ട് ഫോൺ പൂർണമായും ചാർജ് ആവാൻ ആവശ്യമുള്ളതിന്റെ നാലിരട്ടി വൈദ്യുതിയാണ് ഫോണിലേക്കെത്തുന്നത്. അരമണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെയാണ് ആധുനിക സ്മാർട്ട്ഫോണുകളിൽ ആവശ്യത്തിന് ചാർജ് ആവാൻ വേണ്ടി വരുന്ന സമയം. ആ സ്ഥാനത്താണ് മണിക്കൂറുകൾ ചാർജ് ചെയ്യുന്നത്. ഇത് സ്മാർട്ട്ഫോണുകളുടെ ചാർജിങ് പാറ്റേൺ തകിടം മറിയാനും ഫോൺ ചൂടാവുന്നത് വർധിക്കാനും കാരണമാവും.
പല സ്മാർട്ട്ഫോണുകളിലും ചാർജ് മുഴുവനായാൽ തനിയെ ചാർജിങ് നിലക്കുന്ന സാങ്കേതികവിദ്യയുണ്ട്. അപ്പോൾ പിന്നെ രാത്രി ചാർജിനിട്ടാൽ എന്താണ് പ്രശ്നമെന്നാകും നിങ്ങൾ ചിന്തിക്കുന്നത്. എന്നാൽ അവിടെയും പ്രശ്നങ്ങളുണ്ട്. ഫോൺ നിശ്ചലാവസ്ഥയിലിരിക്കുമ്പോഴും പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളുണ്ട്. അതിനാൽ ഫോൺ പൂർണമായും ചാർജായി കഴിഞ്ഞാൽ ചാർജിങ് ഓഫാവുമെങ്കിലും ഈ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം വഴി ചാർജ് കുറയും.
അങ്ങനെ ചാർജ് 99 ശതമാനത്തിലേക്കെത്തിയാൽ സ്മാർട്ട്ഫോണുകളിൽ വീണ്ടും ചാർജ് കയറിത്തുടങ്ങും. ഇത് രാത്രിയിൽ പലപ്രാവശ്യം ആവർത്തിക്കുന്നതോടെ സ്മാർട്ട്ഫോൺ ബാറ്ററിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യും. കൂടാതെ ഫോൺ അതിവേഗം ചൂടാകുകയും ചെയ്യും. ബാറ്ററിയുടെ ലൈഫ് കൂടുതൽ കാലം നിലനിൽക്കാൻ ചാർജ് 20 ശതമാനം മുതൽ മുതൽ 80 ശതമാനം വരെയാക്കി നിലനിർത്തുന്നതാണ് ഏറ്റവും അനുയോജ്യം.