എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അശോക് ഗെഹ്ലോട്ട് രാജസ്ഥാന് മുഖ്യമന്ത്രിപദം ഒഴിയും. ദേശീയ അധ്യക്ഷ പദവിയും മുഖ്യമന്ത്രി പദവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ സോണിയ ഗാന്ധി എതിര്‍പ്പറിയിച്ചതാണ് കാരണം.പുതിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഭാരത് ജോഡോ യാത്രയിലായിരുന്ന അശോക് ഗെഹ്ലോട്ട് ഡൽഹിയിലെത്തി സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.
സോണിയ ഗാന്ധിയുമായി ചര്‍ച്ചയ്ക്ക് ശേഷം അശോക് ഗെലോട്ട് കൊച്ചിയിലേക്ക് തിരികെപ്പോകും. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയുമായി അധ്യക്ഷ തെരഞ്ഞെടുപ്പ് വിവരങ്ങൾ ചര്‍ച്ച ചെയ്യും. ഇന്നലെ അശോക് ഗെലോട്ട് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു.
ഡല്‍ഹിയില്‍ അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം നാളെയാണ് പ്രസിദ്ധീകരിക്കുന്നത്. ശനിയാഴ്ച മുതല്‍ നാമനിര്‍ദ്ദേശപത്രികകള്‍ സമര്‍പ്പിക്കാം. 10 എഐസിസി അംഗങ്ങളുടെ പിന്തുണ ഉള്ള ആര്‍ക്കും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം.
ഒക്ടോബര്‍ 8 പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ്. ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്. രാവിലെ 10 മുതല്‍ നാലു വരെ വോട്ടെടുപ്പ്. ഒക്ടോബര്‍ 19ന് വോട്ടെണ്ണല്‍ നടക്കുന്നതോടെ പുതിയ അധ്യക്ഷനെ അറിയാം. മധുസൂദനന് മിസ്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് നടപടികള്‍ നിയന്ത്രിക്കുന്നത്. രണ്ടു പതിറ്റാണ്ടിനു ശേഷമാണ് കോണ്‍ഗ്രസില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്.