അമേരിക്കൻ പോപ് ഗായിക ടിന ടേണർ (83) അന്തരിച്ചു. റോക്ക് ആന്റ് റോൾ സംഗീതശാഖയുടെ റാണി എന്നറിയപ്പെടുന്ന ടിന ദീർഘനാളായി രോഗബാധിതയായിരുന്നു. സ്വിറ്റ്സർലാന്റിലെ സൂറിച്ചിലുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം.
1939 നവംബർ 26-ന് യുഎസിലെ ടെന്നസിയിലായിരുന്നു ജനനം. അന്ന മേ ബുള്ളാക്ക് എന്നായിരുന്നു ശരിയായ പേര്. ലിറ്റിൽ ആൻ എന്ന പേരിലാണ് ആദ്യ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. 1950കളിലാണ് ടിന തന്റെ കരിയർ ആരംഭിച്ചത്.
80കളിൽ ന്യൂയോർക്കിന്റെ ഫാഷൻ ഐക്കൺ കൂടിയായിരുന്നു ടിന കറുത്ത വംശജരായ സ്ത്രീകൾക്ക് പ്രചോദനമായിരുന്നു. ടോമി, മാഡ് മാക്സ് ബിയോണ്ട് തണ്ടർഡോം, വാട്സ് ലവ് ഗോട്ട് ടു ഡു വിത് ഇറ്റ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് ഗ്രാമി ഹാൾ ഓഫ് ഫെയിം അവാർഡ്, ഗ്രാമി ലൈം അച്ചീവ്മെന്റ് അവാർഡ് എന്നിവ ഉൾപ്പെടെ 12 ഗ്രാമി അവാർഡുകളും ടിന നേടിയിട്ടുണ്ട്.