രോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ മുങ്ങി അപകടം. കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചതായി റിപ്പോർട്ടുകൾ. പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈൻ പ്രവിശ്യയിൽ നിന്ന് മലേഷ്യയിലേക്ക് പോയ ബോട്ടാണ് ബംഗാൾ ഉൾക്കടലിൽ മുങ്ങിയതെന്നും വിവരം ലഭിച്ചു. മൊത്തം 90 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
റാഖൈൻ പ്രവിശ്യയുടെ തലസ്ഥാനമായ സിത്വിയിൽ നിന്ന് 6 ദിവസം മുമ്പ് പുറപ്പെട്ട ബോട്ട് രണ്ടു ദിവസത്തിനു ശേഷം മോശം കാലാവസ്ഥയിൽ പെട്ടു . 17 പേരുടെ മൃതദേഹം മ്യാൻമർ കടൽതീരത്ത് അടിഞ്ഞെങ്കിലും 50ലേറെ ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. യു.എൻ അഭയാർത്ഥി ഏജൻസി അപകടത്തിൽ അനുശോചനം രേഖപെടുത്തി. മ്യാൻമറിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടിയിട്ടുണ്ടെന്നും ഏജൻസി അറിയിച്ചു.