നൈജീരിയൻ നാവികസേന തടവിലാക്കിയ എം.ടി.ഹീറോയിക് ഇഡുൻ എണ്ണക്കപ്പലിലെ ജീവനക്കാർക്ക് മോചനം. മൂന്ന് മലയാളികളടക്കം 15 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. കപ്പലും ജീവനക്കാരുടെ പാസ്പോർട്ടുകളും നൈജീരിയൻ നാവികസേന തിരികെ നൽകി.
രേഖകളും കപ്പലും തിരികെ ലഭിച്ചതോടെ സംഘം ബോണി തുറമുഖത്തുനിന്ന് പുറപ്പെട്ടിട്ടുണ്ട്. അസംസ്കൃത എണ്ണമോഷണം, സമുദ്രാതിർത്തി ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ ആഗസ്റ്റിലാണ് നൈജീരിയൻ നാവിക സേന എം ടി ഹീറോയിക് ഇഡുൻ എന്ന കപ്പൽ പിടിച്ചെടുക്കുകയും ജീവനക്കാരെ തടവിലാക്കുകയും ചെയ്തത്.
സംഘത്തോടൊപ്പം ഉണ്ടായിരുന്ന കൊച്ചി കടവന്ത്ര സ്വദേശിയായ സനു ജോസ് എന്ന നാവികൻ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. രണ്ടാഴ്ച്ചക്കകം സംഘം നാട്ടിലെത്തുമെന്നാണ് സനു ജോസ് കുടുംബാംഗങ്ങളെ അറിയിച്ചത്.