ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേയ്ക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് എം.എസ് സ്വാമിനാഥൻ.
ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരിൽ ഒരാളായിരുന്നു അദ്ദേഹം. മാങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ എന്ന എം.എസ് സ്വാമിനാഥൻ 1925 ആഗസ്റ്റ് 7-ന് തമിഴ്നാട്ടിലെ കുംഭകോണത്താണ് ജനിച്ചത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് മങ്കൊമ്പ് എന്ന സ്ഥലത്താണ് ഇദ്ദേഹത്തിന്റെ തറവാട്. 1940-ൽ തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിൽ ഉന്നത പഠനം ആരംഭിക്കുകയും പിന്നീട് സുവോളജിയിൽ ബിരുദം നേടിയ ശേഷം കൃഷി ശാസ്ത്രത്തിൽ ഉപരിപഠനം നടത്താൻ കോയമ്പത്തൂർ കാർഷിക കോളേജിൽ ചേരുകയും ചെയ്തു. 1947-ൽ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ ചേർന്നു. അവിടെ നിന്ന് യുനെസ്കോ ഫെല്ലോഷിപ്പോടുകൂടി നെതർലൻഡ്സിൽ ഗവേഷണത്തിനായി പോയി.
എട്ട് മാസത്തോളം നെതർലൻഡ്സിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക്സിലെ വാഗെനിംഗൻ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ അംഗമായിരുന്നു അദ്ദേഹം. പിന്നീട് 1950-ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് അഗ്രികൾച്ചറിന്റെ പ്ലാന്റ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പി.എച്ച്.ഡി ബിരുദം നേടുകയും ചെയ്തു. വിസ്കോൺസിൻ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ്-ഡോക്ടറൽ റിസർച്ച് അസോസിയേറ്റ്ഷിപ്പ് സ്വീകരിച്ച അദ്ദേഹം 1954-ന്റെ തുടക്കത്തിൽ ഇന്ത്യയിൽ തിരിച്ചെത്തി. മൂന്ന് മാസത്തിന് ശേഷമാണ് മുൻ പ്രൊഫസർ മുഖേന കട്ടക്കിലെ സെൻട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലികമായി അസിസ്റ്റന്റ് ബോട്ടണിസ്റ്റായി പ്രവേശിച്ചു. 1954 ഒക്ടോബറിൽ ന്യൂ ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് സൈറ്റോജെനെറ്റിസ്റ്റായി ചേർന്നു. 1971-ൽ ഭക്ഷ്യോത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമായി ഗവൺമെന്റ് പ്രഖ്യാപിച്ച നേട്ടങ്ങൾക്ക് പിന്നിൽ ഡോ. സ്വാമിനാഥൻ വലിയ പങ്കുവഹിച്ചു.
1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറലായിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ല് ഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ, ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആന്റ് നാച്ച്വറൽ റിസോഴ്സസ് പ്രസിഡന്റ്, ദേശീയ കർഷക കമ്മീഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ നിലകളിൽ അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്.
ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതയിലേയ്ക്ക് നയിച്ച അദ്ദേഹത്തെ നേടി നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി. 1961-ൽ ഭട് നഗർ അവാർഡ്, 1971-ൽ മാഗ്സാസെ അവാർഡ്, 1987-ൽ റോമിൽ നടന്ന ഐക്യരാഷ്ട്ര ഭക്ഷ്യ കോൺഗ്രസ് അദ്ധ്യക്ഷ പദവി, 1987-ൽ വേൾഡ് ഫുഡ് പ്രൈസ്, 2000-ൽ ഫ്രങ്ക്ലിൻ റൂവെൽറ്റ് പുരസ്കാരം, 2021-ൽ കേരള ശാസ്ത്ര പുരസ്കാരം എന്നിവയ്ക്ക് പുറമെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.