റഷ്യ വിക്ഷേപിച്ച ‘ലൂണ 25’ ചന്ദ്രനിൽ തകർന്നുവീണു. ഇന്ത്യയുടെ സംരംഭമായ ചന്ദ്രയാൻ 3-ന് മുമ്പ് ചന്ദ്രനിലിറക്കാൻ റഷ്യ വിക്ഷേപിച്ച ബഹിരാകാശ പേടകമായ ലൂണ ചന്ദ്രനിൽ തകർന്നു വീണതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. നാളെ ചന്ദ്രനിൽ ഇറങ്ങാനിരിക്കെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷമായിരുന്നു പേടകം തകർന്നത്. പേടകത്തിന് സാങ്കേതിക തകരാർ നേരിട്ടതായി റഷ്യയുടെ ബഹിരാകാശ ഏജൻസി ഇന്നലെ അറിയിച്ചിരുന്നു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നാളെയാണ് ലൂണ ഇറങ്ങേണ്ടിയിരുന്നത്. ഇതിന് മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെയാണ് സാങ്കേതിക തകരാറുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഇതിനുപിന്നാലെയാണ് ലൂണ തകർന്നതായി റഷ്യ സ്ഥിരീകരിച്ചത്. അതേസമയം ലൂണ അയച്ച ചന്ദ്ര ഗർത്തങ്ങളുടെ ആദ്യ ദൃശ്യങ്ങൾ റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷമാണ് റഷ്യ ചന്ദ്രനിലേയ്ക്ക് പേടകം അയക്കുന്നത്. ജൂലൈ 14-ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു റഷ്യ ലൂണ 25 വിക്ഷേപിച്ചത്.