വാട്സ്ആപ്പ് ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. പ്രായപരിധിയുടെ പേരിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കാത്തവർക്കും ഇനി ആപ്ലിക്കേഷൻ ഉപയോഗിച്ചുതുടങ്ങാം. കാരണം ഇപ്പോൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി കുറച്ചിരിക്കുകയാണ് മെറ്റ.
ഉപയോക്താവിന്റെ പ്രായ പരിധി 16 വയസിൽ നിന്ന് 13 വയസായാണ് മെറ്റ കുറച്ചത്. ഇതോടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും വാട്സ്ആപ്പ് ഉപയോഗിച്ചുതുടങ്ങാം. യുകെയിലും യൂറോപ്യൻ യൂണിയനിലും പുതിയ പരിഷ്കാരം വ്യാഴാഴ്ച മുതൽ നിലവിൽ വന്നുകഴിഞ്ഞു. എന്നാൽ മെറ്റയുടെ ഈ നടപടിക്കെതിരെ വലിയ തോതിലുള്ള വിമർശനമാണ് സാമൂഹ്യപ്രവർത്തകരിൽ നിന്നും ഉയരുന്നത്.
പ്രായം 16-ൽ നിന്ന് 13 വയസായി കുറയ്ക്കുന്നത് തെറ്റായ തീരുമാനമാണെന്നാണ് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. പ്രായപരിധി കുറയ്ക്കുന്നത് സംബന്ധിച്ച് മന:ശാസ്ത്രജ്ഞർ, ഡോക്ടർമാർ, അധ്യാപകർ, രക്ഷിതാക്കൾ, മാനസികാരോഗ്യ വിദഗ്ധർ എന്നിവർ ഉന്നയിക്കുന്ന ആശങ്കയെ മെറ്റ അവഗണിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്. എന്നാൽ ഈ തീരുമാനവുമായി മുന്നോട്ട് പോകാനാണ് മെറ്റയുടെ തീരുമാനമെന്നാണ് റിപ്പോർട്ട്.