എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. ചെറുതോ വലുതോ ഏതുമാവട്ടെ, വീട് പണിയുന്നതിനായി ഒരുപാട് കഷ്ടപ്പാടുകളും സഹിക്കേണ്ടതായി വരും. ലോകത്ത് ഏത് കോണിൽ പോയാലും സ്വന്തം വീട്ടിൽ തിരിച്ചെത്തിയാൽ കിട്ടുന്ന മനസുഖം വേറെ ഒരിടത്തുനിന്നും ലഭിക്കുകയുമില്ല. കുടുംബാംഗങ്ങൾക്കൊപ്പം ചിലവിടാൻ കിട്ടുന്ന സമയം ഓരോരുത്തർക്കും അത്രത്തോളം വിലപ്പെട്ടതാണ്. ഇത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല കേട്ടോ, മറ്റ് ജീവജാലങ്ങൾക്കിടയിലും അങ്ങിനെ തന്നെയാണ്. ഓരോ വ്യക്തികൾക്കും ഓരോ തരത്തിലുള്ള ജീവിത രീതികൾ എന്നപോലെ, മൃഗങ്ങൾക്കും പക്ഷികൾക്കുമെല്ലാം വ്യത്യസ്തമാർന്ന രീതികളായിരിക്കും ഉണ്ടാവുക. ഒരു തരത്തിൽ പറഞ്ഞാൽ മനുഷ്യനേക്കാൾ കൂടുതൽ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ജീവികൾക്ക് പ്രകൃതി തന്നെയാണ് വീടൊരുക്കുന്നതും.
സിംഹത്തിന്റെ മടയും പുലിയുടെ ഗുഹയും മത്സ്യങ്ങൾക്ക് വെള്ളവും അക്വാറിയവും വീട് എന്നപോലെ പക്ഷികൾക്ക് മരച്ചില്ലകളും മേൽകൂരകളും മച്ചിൻ പുറങ്ങളും വീടുകളാണ്. ചെറിയ ഇലകളിൽ വരെ ‘സ്വപ്ന ഭവന’മുണ്ടാക്കി ജീവിക്കുന്ന ചെറിയ പക്ഷികളുമുണ്ട് അക്കൂട്ടത്തിൽ. അത്തരത്തിൽ ഒരു കുഞ്ഞിലയിൽ തീർത്ത തങ്ങളുടെ സ്വർഗത്തിൽ സകുടുംബം സന്തോഷത്തോടെ കഴിയുന്ന ഒരു കുരുവി കുടുംബത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ‘ദി വണ്ടർഫുൾ വേൾഡ് ഓഫ് അനിമൽസ്’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ചെറിയ ചെടിയുടെ ഇലയിൽ മനോഹരമായി തീർത്ത കൂട്ടിനുള്ളിൽ മൂന്ന് മക്കൾ. കുഞ്ഞ് വായ പിളർന്ന് ഭക്ഷണത്തിനായി നോക്കുന്ന അവർക്ക് വേണ്ടി ഇര തേടിപ്പോവുന്ന അമ്മ കുരുവിയും. ഏറ്റവും മനോഹരമായ കാഴ്ചയാണത്. ഇസ്റ്റാഗ്രാം പേജിന്റെ പേരിനെ അന്വർഥമാക്കും വിധം, ജീവജാലങ്ങളുടെ മനോഹരമായ ലോകം.