ഈദ് അൽ ഫിത്തർ (1444 ഹിജ്റ) ഏപ്രിൽ 22 ശനിയാഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നതായി അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ. മുൻ പ്രവചനത്തേക്കാൾ ഒരു ദിവസം വൈകിയാകും പെരുന്നാളെത്തുക.
ജ്യോതിശാസ്ത്ര വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ പ്രവചനമെന്നും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഈദിന്റെ കൃത്യമായ തീയതി ബന്ധപ്പെട്ട അധികാരികൾ സ്ഥിരീകരിക്കുകയുള്ളൂവെന്നും ജ്യോതിശാസ്ത്ര സംഘം അറിയിച്ചു.
ചന്ദ്രക്കല നിരീക്ഷണ സമിതിയുടെ യോഗം 2023 ഏപ്രിൽ 20 വ്യാഴാഴ്ച ചേരും. എന്നാൽ കേന്ദ്രത്തിന്റെ നിരീക്ഷണം അനുസരിച്ച്, അറബ്, ഇസ്ലാമിക ലോകത്തെ ഒരു സ്ഥലത്തുനിന്നും നഗ്നനേത്രങ്ങൾക്ക് അത് ദൃശ്യമാകില്ല.
യു.എ.ഇ.യുടെ ചന്ദ്രക്കലകമ്മിറ്റി യോഗം ചേർന്ന് ഈ കാഴ്ചയെക്കുറിച്ച് അന്വേഷിച്ച് കൃത്യമായ ഈദ് തീയതി പ്രഖ്യാപിക്കും.