നടിയും മോഡലുമായ പൂനം പാണ്ഡേ അന്തരിച്ചു. സെർവിക്കൽ കാൻസറിനെ തുടർന്ന് 32-ാം വയസിലായിരുന്നു അന്ത്യം. താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മാനേജരാണ് മരണവാർത്ത സ്ഥിരീകരിച്ചത്.
“ഈ പ്രഭാതം ഞങ്ങളെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടേറിയതാണ്. പ്രിയപ്പെട്ട പൂനത്തെ സെർവിക്കൽ ക്യാൻസർ ബാധിച്ചതിനേത്തുടർന്ന് ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ സങ്കടമുണ്ട്. എല്ലാവരും സ്നേഹത്തോടും ദയയോടും കൂടിയായിരുന്നു അവളോട് പെരുമാറിയിരുന്നത്. ഇത് വേദനയുടെ സമയമാണ്, അവളെ ഓർക്കുന്ന ഈ സമയത്ത് സ്വകാര്യത മാനിക്കണം എന്ന് അഭ്യർത്ഥിക്കുന്നു” എന്നാണ് ഇൻസ്റ്റഗ്രാമിലെ കുറിപ്പ്.
ഉത്തർപ്രദേശിലെ കാൺപൂരിലായിരുന്നു പൂനം പാണ്ഡേയുടെ ജനനം. പിന്നീട് മോഡലിങ്ങിലൂടെയാണ് താരം സിനിമയിലെത്തുന്നത്. 2010-ൽ നടന്ന ഗ്ലാഡ്രാഗ്സ് മാൻഹണ്ട് ആന്റ് മെഗാ മോഡൽ മത്സരത്തിലെ ആദ്യ ഒൻപത് സ്ഥാനങ്ങളിലൊന്നിൽ ഇടംനേടിയതോടെ ഫാഷൻ മാസികയുടെ മുഖചിത്രമായും പൂനം മാറി. ലൗ ഈസ് പോയിസൺ, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേർണി ഓഫ് കർമ തുടങ്ങിയ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.