ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ സജീവമായി ഇലക്ഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളാണ് പത്മജ വേണുഗോപാൽ. ഇപ്പോൾ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ച് പത്മജ പറഞ്ഞ വാക്കുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അച്ഛന്റെയോ സഹോദരൻ്റെയോ സ്ഥാനത്ത് സ്നേഹിക്കാൻ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നാണ് പത്മജ വേണുഗോപാൽ പറഞ്ഞത്.
“എന്തുകൊണ്ടാണ് താൻ ബിജെപിയിൽ ചേർന്നത് എന്നതിൻ്റെ ഉത്തരമാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന് കുടുംബമില്ല എന്ന് എല്ലാവരും പറയും. എന്നാൽ ഭാരതമാണ് അദ്ദേഹത്തിൻ്റെ കുടുംബം. നമുക്ക് മുതിർന്ന സഹോദരൻ്റെയോ അച്ഛന്റെയോ സ്ഥാനത്ത് അദ്ദേഹത്തെ സ്നേഹിക്കാൻ നമ്മൾക്ക് തോന്നും” പത്മജ പറഞ്ഞു.
കോട്ടയത്ത് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കവെയായിരുന്നു പത്മജയുടെ പ്രതികരണം. മാർച്ച് ഏഴിനാണ് പത്മജ വേണുഗോപാൽ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്നത്.