മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. സിറിയക് ജോണ്‍ (91) അന്തരിച്ചു. കോഴിക്കോട് പാലിയേറ്റീവ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചായിരുന്നു അന്ത്യം. കെ. കരുണാകരന് മന്ത്രിസഭയില്‍ കൃഷി, മൃഗസംരക്ഷണവകുപ്പ് മന്ത്രിയായിരുന്നു. തിരുവമ്പാടി, കല്പറ്റ നിയോജക മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച് 17 വര്‍ഷം എം.എല്‍.എയായി പ്രവർത്തിച്ചിരുന്നു.
പാലാ മരങ്ങാട്ടുപള്ളിക്കടുത്ത് കടപ്ലാമറ്റം ജോണിന്റെയും മറിയമ്മയുടെയും മകനായി 1933 ജൂണ്‍ 11-നാണ് സിറിയക് ജോണ്‍ ജനിച്ചത്. പഠനത്തിനുശേഷം പ്രദേശത്തെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി പൊതുകാര്യങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചതിന് പിന്നാലെ കോണ്‍ഗ്രസിന്റെ താമരശേരി മണ്ഡലം പ്രസിഡന്റായി ചുമതലയേറ്റു.
പിന്നീട് കെ.പി.സി.സി.അംഗം, കെ.പി.സി.സി. നിര്‍വാഹകസമിതി അംഗം, എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. എന്‍.പി. അബു സാഹിബ് സ്മാരക പുരസ്കാരം, മുഹമ്മദ് അബ്ദുറഹ്മാന് സ്മാരക പുരസ്കാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.