പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ് സൗജന്യമായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. എറണാകുളത്ത് ഫെബ്രുവരിയിൽ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഫെബ്രുവരി 13നകം രജിസ്റ്റര്‍ ചെയ്യണമെന്ന് നോർക്ക അറിയിച്ചു.
സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായാണ് ഈ പരിശീലനം. രജിസ്റ്റര്‍ ചെയ്യാൻ 0471-2770534, 8592958677 എന്നീ നമ്പറുകളിലോ [email protected], [email protected] എന്ന ഇമെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാം. രജിസ്റ്റർ ചെയ്തവർക്കു മാത്രമായിരിക്കും പ്രവേശനം.
പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെൻ്ററില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെൻ്ററിൻ്റെ (N.B.F.C) ആഭിമുഖ്യത്തിലാണ് സംരംഭകത്വ പരിശീലന പരിപാടി. നോര്‍ക്ക റൂട്ട്സ്, വ്യവസായ വകുപ്പ്, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവ വഴി നടപ്പിലാക്കുന്ന വിവിധ സംരംഭക സഹായ പദ്ധതികള്‍, വ്യവസായ സംരംഭത്തിനാവശ്യമായ വിവിധ തരം ലൈസന്‍സുകള്‍, ജി.എസ്.ടി എന്നിവ സംബന്ധിച്ച് പരിശീലനവും പൊതു സംശയങ്ങള്‍ക്കുളള മറുപടിയും പരിപാടിയിലൂടെ ലഭിക്കും.