ഗതാഗത മന്ത്രിയായതിന് പിന്നാലെ ഗാന്ധിഭവനിലെത്തി തന്റെ സഹപ്രവർത്തകനെ സന്ദർശിച്ച് കെ.ബി ഗണേഷ്കുമാർ. നടന് ടി.പി മാധവനെയാണ് പത്തനാപുരത്തെ ഗാന്ധി ഭവനിലെത്തി ഗണേഷ്കുമാർ സന്ദർശിച്ചത്. ഗാന്ധി ഭവൻ ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു.
ഗാന്ധിഭവനിലെ അന്തേവാസിയായ പഴയ തന്റെ സഹപ്രവർത്തകനെ ചേർത്തുനിർത്തി മന്ത്രി കുശലാന്വേഷണം നടത്തി. രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും വന്നുകാണാം എന്ന ഉറപ്പ് നൽകിയ ശേഷമാണ് ഗണേഷ്കുമാർ മടങ്ങിയത്. നടൻ മോഹൻലാലിനോടും ഗാന്ധി ഭവനിലെത്തി ടി.പി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നും മോഹൻലാൽ ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.
മലയാള സിനിമയിൽ സജീവമായിരുന്ന ടി.പി മാധവൻ 2015-ൽ പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്ക് ശേഷമാണ് പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിന് എത്തിയത്.