സംസ്ഥാനത്ത് നാല് ഇനം ക്ഷേമ പെൻഷൻ തുക ഉയർത്തി സർക്കാർ. വിവിധ ക്ഷേമ പെൻഷനുകൾ 1,600 രൂപയാക്കി ഉയർത്താൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാലാണ് അറിയിച്ചത്. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് ഉയർത്തിയത്.
നിലവിൽ അവശ കലാകാര പെൻഷൻ 1,000 രൂപയും അവശ കായികതാരങ്ങൾക്ക് 1,300 രൂപയും സർക്കസ് കലാകാരന്മാർക്ക് 1,200 രൂപയും വിശ്വകർമ്മ പെൻഷൻ 1,400 രൂപയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ തുകകളാണ് 1,600 രൂപയാക്കി ഉയർത്തിയത്.
കഴിഞ്ഞ ദിവസം അങ്കണവാടി, ആശ ജീവനക്കാരുടെ വേതനവും ഉയർത്തിയിരുന്നു. പത്ത് വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും നിലവിലുള്ള വേതനത്തിൽ നിന്നും 1,000 രൂപയാണ് വർധിപ്പിച്ചത്. മറ്റുള്ളവർക്ക് 500 രൂപയും വർധിപ്പിച്ചിരുന്നു. ആശ വർക്കർമാരുടെ വേതനത്തിലും 1,000 രൂപ വർധിപ്പിക്കാൻ തീരുമാനിച്ചു. വർധനവ് ഡിസംബർ മുതൽ പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി അറിയിച്ചു.