രാഹുൽ ഗാന്ധി എം പിയുടെ ഓഫിസിലുണ്ടായ എസ് എഫ് ഐ ആക്രമണത്തിൽ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. സഭക്കുള്ളിൽ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി യു ഡി എഫ് പ്രതിഷേധിച്ചു. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന സ്പീക്കറുടെ അഭ്യർഥന തള്ളി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭാ നടപടികൾ നിർത്തിവച്ചു. കറുത്ത ഷർട്ട് ധരിച്ചാണ് യു ഡി എഫിലെ യുവ എം എൽ എമാർ സഭയിലെത്തിയത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കാതിരിക്കാൻ സഭക്കുള്ളിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. സഭ ടിവിയിലും പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്തില്ല. ഭരണപക്ഷത്തിന്റെയും സ്പീക്കറുടെയും ദൃശ്യങ്ങൾ മാത്രമാണ് കാണിച്ചത്.
ചോദ്യോത്തരവേളയടക്കം തടസപ്പെടുത്തിയ പ്രതിപക്ഷസമരം ചരിത്രത്തിലില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. അടിയന്തരപ്രമേയം അവതരിപ്പിക്കാനും പ്രതിപക്ഷം തയാറായില്ല. യു ഡി എഫിന്റെ നടപടി തികഞ്ഞ അസഹിഷ്ണുതയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രശ്നം അവതരിപ്പിക്കാനോ സർക്കാരിന്റെ മറുപടി കേൾക്കാനോ ആരും തയാറായില്ലെന്നും ജനാധിപത്യ അവകാശം ഉപയോഗിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് തെറ്റായ നടപടിയാണ്. എം പി ഓഫിസിൽ ഉണ്ടായ അക്രമത്തെ സിപിഎം നേതൃത്വം അപലപിച്ചു. സർക്കാർ കൃത്യമായ അന്വേഷണത്തിനും ഉത്തരവ് നൽകി. എന്നാൽ ഒരു തെറ്റിന്റെ പേരിൽ ഒരുപാട് തെറ്റുകൾ ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
സഭ നിർത്തിവച്ചിട്ടും ഭരണ പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളി തുടരുകയാണുണ്ടായത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ ആക്രമിച്ചത് കാടത്തമെന്ന് എഴുതിയ ബാനർ ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സഭക്കുള്ളിൽ കൂവലും ആർപ്പുവിളിയുമായി ഇരുപക്ഷവും പ്രതിഷേധിച്ചു. സഭ നിർത്തിവച്ചിട്ടും പ്രതിപക്ഷത്തെ അനുനയിപ്പിക്കാനോ കക്ഷി നേതാക്കളെ ചർച്ചക്ക് വിളിക്കാനോ സ്പീക്കറും തയാറായില്ല. അത്യന്തം നാടകീയമായ രംഗങ്ങൾക്കാണ് സഭ ഇന്ന് സാക്ഷ്യം വഹിച്ചത്.