മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കേസിൽ പ്രതി ചേർത്തതാണെന്നും സുധാകരൻ ഹർജിയിൽ പറഞ്ഞു. അഡ്വ. മാത്യു കുഴൽനാടൻ വഴിയാണ് സുധാകരൻ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
‘താൻ ആരെയും വഞ്ചിച്ചിട്ടില്ല. രാഷ്ട്രീയ വൈരാഗ്യം തീർക്കാനും സോഷ്യൽ മീഡിയയിൽ തന്റെ പ്രതിച്ഛായ തകർക്കാനും വേണ്ടിയാണ് കേസിൽ പ്രതി ചേർത്തത്. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ല’ എന്നും ഹർജിയിൽ കെ സുധാകരൻ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് 23ന് ഹാജരാകാൻ ക്രൈംബ്രാഞ്ച് സുധാകരന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു ആദ്യം ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയത്. എന്നാൽ 23ന് മാത്രമേ തനിക്ക് ഹാജരാകാൻ സാധിക്കുകയുള്ളുവെന്ന് സുധാകരൻ അറിയിക്കുകയായിരുന്നു. കേസിൽ മുൻ ഡിഐജി എസ്.സുരേന്ദ്രൻ, മുൻ ഐജി ജി.ലക്ഷ്മൺ എന്നിവരും പ്രതികളാണ്.