തന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തൽ നടത്തി ഐഎസ്ആർഒ മേധാവി എസ്. സോമനാഥ്. താൻ അർബുദബാധിതനായിരുന്നുവെന്നും ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസം തന്നെയാണ് അർബുദം സ്ഥിരീകരിച്ചതെന്നുമാണ് അദ്ദേഹം തുറന്നുപറഞ്ഞത്. ഒരു അഭിമുഖത്തിലെ സോമനാഥിന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് ലോകം കേട്ടത്.
‘ചന്ദ്രയാൻ -3 ദൗത്യം നടക്കുന്ന വേളയിലാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ആ ഘട്ടത്തിൽ അത് വ്യക്തമായിരുന്നില്ല. ആദിത്യ എൽ-1 വിക്ഷേപണം നടത്തിയ ദിവസമാണ് അർബുദം സ്ഥിരീകരിച്ചത്. സ്കാനിങ്ങിൽ വയറ്റിലാണ് കാൻസർ ബാധ കണ്ടെത്തിയത്. എനിക്കും കുടുംബത്തിനും അത് വലിയ ഞെട്ടലായിരുന്നു. പിന്നീട് തുടർപരിശോധനകൾക്കായി ചെന്നൈയിലേക്ക് പോയി. നാല് ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ അഞ്ചാം ദിനം മുതൽ ജോലിയിലേക്ക് പ്രവേശിച്ചു’ എന്നാണ് സോമനാഥ് പറഞ്ഞത്.
പിന്നീട് കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് വിധേയനായിരുന്നുവെന്നും ഇപ്പോൾ പൂർണമായി രോഗത്തിൽ നിന്ന് മുക്തി നേടിയതായും അദ്ദേഹം പറഞ്ഞു. ജോലിയോടൊപ്പം പരിശോധനകളും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.